ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പമുള്ളിടത്തോളം പാര്‍ട്ടിയെ കുലുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് എഐഎഡിഎംകെ.
സംസ്ഥാന ക്ഷീരവകുപ്പ് മന്ത്രി കെ.ടി.രാജേന്ദ്ര ബാലാജിയാണ് മോദിയുടെ ശക്തമായ പിന്തുണ പാര്‍ട്ടിക്കുണ്ടെന്നു വ്യക്തമാക്കിയത്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ കൂടെയാണ്. അതിനാല്‍ ആര്‍ക്കും നമ്മളെ കുലുക്കാന്‍ കഴിയില്ല. രണ്ടില ചിഹ്നം ഇപിഎസ് ക്യാംപിനു തന്നെ കിട്ടും. മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് പാര്‍ട്ടി ചിഹ്നം ലഭിക്കുമെന്നുറപ്പുണ്ട്’- പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ രാജേന്ദ്ര ബാലാജി പറഞ്ഞു.
പ്രതിപക്ഷത്തുള്ള ഡിഎംകെ ഉള്‍പ്പെടെയുള്ളവര്‍ക്ക് എഐഎഡിഎംകെയെ എതിര്‍ക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു, നിയമസഭാംഗങ്ങളില്‍ 92 ശതമാനം പേരും പളനിസാമിയെ പിന്തുണയ്ക്കുന്നവരാണെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു.