നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ആരാച്ചാരെ തേടിയുള്ള അന്വേഷണം ഫലം കണ്ടു. ഉത്തര്‍പ്രദേശിലെ മീറത്തില്‍ നിന്നുമുള്ള ആരാച്ചാര്‍ വധശിക്ഷ നടപ്പാക്കാന്‍ എത്തിച്ചേരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനായി ആരാച്ചാരെ മീറത്ത് ജയില്‍ തിഹാര്‍ ജയിലിന് വിട്ടുനല്‍കും.
തിഹാര്‍ ജയില്‍ അധികൃതര്‍ ഉത്തര്‍പ്രദേശ് ജയില്‍ ഡിജിക്ക് ആരാച്ചാരെ തേടി കത്തയച്ചിരുന്നു. ആരെയാണ് തൂക്കിക്കൊല്ലേണ്ടതെന്ന് കത്തില്‍ പരാമര്‍ശിച്ചിരുന്നില്ല. തങ്ങളുടെ ജയിലിലുള്ള ഏതാനും തടവുകാര്‍ക്ക് രക്ഷപ്പെടാനുള്ള വഴികള്‍ അടഞ്ഞതോടെ ഇവരെ വധശിക്ഷയ്ക്ക് വിധേയമാക്കേണ്ടതുണ്ട് എന്നുമാത്രമാണ് കത്തില്‍ വ്യക്തമാക്കിയിരുന്നത്.
ഉത്തര്‍പ്രദേശില്‍ നിലവില്‍ രണ്ട് ആരാച്ചാര്‍മാരാണുള്ളത്. മീറത്ത് ജയിലില്‍ നിന്നുള്ള ആരാച്ചാര്‍ പവന്‍ കുമാറിനാണ് തിഹാര്‍ ജയില്‍ ഡ്യൂട്ടിക്ക് നറുക്ക് വീണത്. തിങ്കളാഴ്ച മുതലാണ് തിഹാര്‍ ജയില്‍ അധികൃതര്‍ മറ്റ് ജയിലുകളിലെ ആരാധകരെ അന്വേഷിച്ച് തുടങ്ങിയത്. ഇതിനിടെ തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ പോലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ വധശിക്ഷ നടപ്പാക്കാന്‍ തയ്യാറെന്ന് കാണിച്ച് തിഹാര്‍ ജയില്‍ ഡിജിപിക്ക് കത്തയച്ചിരുന്നു.
തിഹാറില്‍ ആരാച്ചാര്‍ ഇല്ലെന്ന് വ്യക്തമായതോടെയാണ് എസ് സുഭാഷ് ശ്രീനിവാസന്‍ നിര്‍ഭയ കുറ്റവാളികളെ തൂക്കിക്കൊല്ലാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ശമ്പളം കിട്ടാതെ ഓഫീസുകള്‍ കയറിയിറങ്ങിയ മീറത്തിലെ ആരാച്ചാരുടെ കഥ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.