കണ്ണൂര്‍: ക്രൈസ്ത വിഭാഗത്തെ പാര്‍ട്ടിയുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി. നടത്തുന്ന സ്നേഹയാത്രയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനതയാകെ കുരുതി കൊടുക്കാന്‍ കൂട്ടുനിന്നിട്ട് പിന്നീട് വോട്ടു വേണ്ട സാഹചര്യം വരുമ്പോള്‍ അവരെ സമീപിക്കാന്‍ ശ്രമിച്ചാല്‍ നടക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. സമാധാനം നിലനില്‍ക്കുന്ന കേരളം എങ്ങനെ കലുഷിതമാക്കാം എന്നാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചില രൂപങ്ങള്‍ വന്ന് കോമാളിത്തം കാണിക്കുന്നു. പാവക്കൂത്താണ് നടക്കുന്നത്. അതിന് പിന്നില്‍ ചരടുവലിക്കുന്നത് ഇന്ത്യ ഗവണ്‍മെന്റാണെന്ന് എല്ലാവര്‍ക്കും അറിയില്ലേയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവകേരളസദസ്സുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ പ്രതിപക്ഷത്തേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പരിപാടിയുടെ ഭാഗമായി സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു.
‘മെരുക്കിയെടുക്കാന്‍ പല ശ്രമങ്ങളും നടക്കുന്നുണ്ട്. അത് ആരെങ്കിലും വിശ്വസിക്കുമോ? മനുഷ്യന്‍ ചിന്തിക്കുന്നവരല്ലേ, അവര്‍ അറിഞ്ഞുകൊണ്ടിരിക്കുകയല്ലേ?’, മുഖ്യമന്ത്രി ചോദിച്ചു.ജനങ്ങള്‍ അതിശയകരമായ സംയമനം പാലിച്ചു. നാട്ടുകാരുടെ ഭാഗത്തുനിന്ന് ഒരു പ്രകോപവനും ഉണ്ടായില്ലെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.