കശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീരായി ചിത്രീകരിച്ച കോണ്‍ഗ്രസ്സ് ലഘുലേഖ വിവാദത്തില്‍

ലഖ്‌നൗ : കശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീരായി ചിത്രീകരിച്ച യുപി കോണ്‍ഗ്രസ്സിന്റെ ലഘുലേഖ വിവാദത്തില്‍.

കശ്മീരിലെ അവസ്ഥകള്‍ വിവരിച്ച് നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടിറക്കിയ ലഘുലേഖയിലാണ് ഗുരുതരമായ ഈ തെറ്റ് കടന്ന് കൂടിയത് .

ലഘുലേഖയുടെ പന്ത്രണ്ടാം പേജിലായിരുന്നു വിവാദമായ ചിത്രം രേഖപ്പെടുത്തിയത്. ഗുലാം നബി ആസാദും രാജ് ബബ്ബാറും വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഈ ലഘുലേഖ പ്രസിദ്ധപ്പെടുത്തിയത് .

എന്നാല്‍ ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇതൊരു വലിയ തെറ്റൊന്നുമല്ലെന്നും ചെറിയ പ്രിന്റിംഗ് അബദ്ധം മാത്രമാണെന്നുമാണ് കോണ്‍ഗ്രസ്സിന്റെ വിശദീകരണം.

പാക്കിസ്ഥാനിലെ ഇന്ത്യാവിരുദ്ധര്‍ക്ക് സന്തോഷം പകരുന്നതാണ് കോണ്‍ഗ്രസ്സിന്റെ ലഘുപുസ്തകമെന്ന് ബിജെപി കുറ്റപ്പെടുത്തി.

മാപ്പര്‍ഹിക്കാത്ത തെറ്റാണ് കോണ്‍ഗ്രസ്സ് ചെയ്തതെന്നും ഗുലാം നബി ആസാദിനെ പോലൊയൊരു സീനിയര്‍ നേതാവ് രാജ്യവിരുദ്ധമായ മാപ്പ് പ്രകാശനം ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Top