As soon as the suffering of Indians in Jeddah ; Sushma Swaraj

ന്യൂഡല്‍ഹി: ജിദ്ദയില്‍ പ്രതിസന്ധിയിലായ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.

ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാനുള്ള ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചതായി മന്ത്രി അറിയിച്ചു.

ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സന്നദ്ധ സംഘടനകളുടെയും മലയാളി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തിലാണെന്ന വിവരം ലഭിച്ചയുടന്‍ ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറലുമായും റിയാദിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടു.

ആവശ്യമുള്ള നടപടികള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സുഷമ സ്വരാജ് പാര്‍ലമെന്റ് സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിനു പുറത്ത് ഒരു ഇന്ത്യന്‍ തൊഴിലാളിയും ദുരിതമനുഭവിക്കുരുതെന്ന് കേന്ദ്രം ഉറപ്പു വരുത്തും.

നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെ ഉടനെ തന്നെ തിരിച്ചുകൊണ്ടുവരാനുള്ള സഹായങ്ങള്‍ ചെയ്യുമെന്നും സുഷമ വ്യക്തമാക്കി.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ വന്‍കിട നിര്‍മാണ കമ്പനികള്‍ക്ക് മാസങ്ങളായി ശമ്പളം കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പ്രതിസന്ധിയിലായത്. ചിലര്‍ പ്രതിസന്ധി രൂക്ഷമായതോടെ നാട്ടിലേക്ക് മടങ്ങി.

ചിലര്‍ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിച്ചിട്ട് മടങ്ങാമെന്നു കരുതി കാത്തിരിക്കുന്നവരാണ്. മതിയായ രേഖകള്‍ കമ്പനികള്‍ ശരിയാക്കി കൊടുക്കാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങുവാന്‍ കഴിയാത്തവരുമുണ്ട്. 71 മലയാളികള്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Top