പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതോടെ രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്ക് കടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് രണ്ടാംവാരത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തും. പ്രഖ്യാപനത്തിന് മുന്നോടിയായി സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ കമ്മിഷന്റെ പര്യടനം അടുത്തയാഴ്ച തുടങ്ങും. സ്ഥാനാർഥിനിര്‍ണയ, സീറ്റ് വിഭജന ചര്‍ച്ചകള്‍ പാര്‍ട്ടികളും മുന്നണികളും സജീവമാക്കി. നേട്ടം മുന്നില്‍ക്കണ്ടുള്ള വിവിധ പാര്‍ട്ടികളുടെ കൂടുമാറ്റങ്ങളും അരങ്ങേറുകയാണ്.
2019-ല്‍ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് 10-നായിരുന്നു തീയതി പ്രഖ്യാപിച്ചത്. ഏപ്രില്‍ 16 മുതല്‍ മേയ് 19 വരെയായിരുന്നു വോട്ടെടുപ്പ്. മേയ് 23-ന് വോട്ടെണ്ണി. സമാനമായ തിരഞ്ഞെടുപ്പുക്രമം തന്നെയാണ് ഇത്തവണയും കമ്മിഷന്‍ ആലോചിക്കുന്നതെന്നാണ് സൂചന. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 2019-ലെ 10.36 ലക്ഷത്തില്‍നിന്ന് ഇക്കുറി 11.8 ലക്ഷമായി ഉയരും. ഇതൊക്കെ കണക്കാക്കിയാവും എത്ര ഘട്ടങ്ങളായി വേണം വോട്ടെടുപ്പ് നടത്തേണ്ടതെന്ന് തീരുമാനിക്കാന്‍.
കമ്മിഷന്റെ പര്യടനത്തിന്റെ തുടക്കം ഒഡിഷയില്‍നിന്നാണ്. ഈമാസം 15 മുതല്‍ 17 വരെയാണ് ഒഡിഷപര്യടനം. ആന്ധ്രാപ്രദേശില്‍ കമ്മിഷന്‍ ഒരുവട്ടം പര്യടനം നടത്തിയിരുന്നു. ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നടക്കേണ്ടത്. ഒഡിഷയിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് എന്നതിനാല്‍ വിശദമായ അവലോകനംതന്നെ സംസ്ഥാനത്തുണ്ടാകും. പിന്നാലെ ബിഹാര്‍, തമിഴ്നാട് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ഈ മാസം അവസാനവും മാര്‍ച്ച് ആദ്യവുമായി പശ്ചിമബംഗാള്‍, യു.പി. സംസ്ഥാനങ്ങളില്‍ കമ്മിഷനെത്തും. ഉടനെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ജമ്മു-കശ്മീരില്‍ കമ്മിഷന്‍ പര്യടനത്തിന് മുമ്പായി ഉന്നതോദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തും.
തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ 14-ന് വിരമിക്കാനിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതി പുതിയ കമ്മിഷണറെ കണ്ടെത്താനുള്ള യോഗം കഴിഞ്ഞദിവസം ചേര്‍ന്നിരുന്നു. 15-നുമുമ്പ് പുതിയ കമ്മിഷണറുടെ നിയമനമായില്ലെങ്കില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറും കമ്മിഷണര്‍ അരുണ്‍ ഗോയലും മാത്രമാകും ഒഡിഷ പര്യടനത്തിലുണ്ടാവുക.