ഗാസാ സിറ്റി: ഗാസ സിറ്റിയിലെ അല്‍-ശിഫ ആശുപത്രിയില്‍യില്‍ ഇസ്രയേല്‍ സൈന്യം പരിശോധനയടക്കം തുടരുന്നതിനിടെ ഗാസയിലെ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായതായി പാലസ്തീനിയന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ പാല്‍ടെല്‍. ലാന്‍ഡ് ലൈന്‍ കണക്ഷന്‍, മൊബൈല്‍, ഇന്റര്‍നെറ്റ് എന്നിവയെല്ലാം തകരാറിലാണെന്നാണ് വിവരം.രോഗികളെ ആശുപത്രിയില്‍ നിന്നുമാറ്റാന്‍ ആംമ്പുലന്‍സുകളില്‍ ഇന്ധനമില്ലാത്തത് പാലസ്തീന്‍ റെഡ് ക്രസന്റിന് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം അറിയിച്ചു.
ഗാസ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ശിഫയില്‍ ബുധനാഴ്ചയാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ദൗത്യം തുടങ്ങിയത്. ആശുപത്രിക്കുള്ളില്‍ ആയുധങ്ങള്‍ അടക്കമുള്ളവ കണ്ടെത്തിയതായി ഇസ്രായേല്‍ സൈനിക വക്താവ് അവകാശപ്പെട്ടതായി വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയുധങ്ങളുണ്ടായിരുന്ന അതേ സ്ഥലത്താണ്യെദൂഡിറ്റ് വൈസിന്റെ മൃതദേഹവും കണ്ടെത്തിയത് എന്നാണ് ഇസ്രയേല്‍ പറയുന്നത്.ബന്ദികളാക്കപ്പെട്ടവരുടെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ കംപ്യൂട്ടറുകളില്‍ നിന്ന് ലഭിച്ചതായും സൈന്യം ആരോപിച്ചു.1200 ഓളം പേര്‍ കൊല്ലപ്പെട്ട ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ 240 പേരെ ഹമാസ് ബന്ദികളാക്കിയെന്നാണ് ഇസ്രയേലിന്റെ ആരോപണം. സാധാരണക്കാരും കുട്ടികളുടക്കം 11500ലധികം പേര്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ മരിച്ചതായി ഹമാസ് ഭരണകൂടവും പറഞ്ഞു.
ഹമാസ് ബന്ദിയാക്കിയ ഒരു സ്ത്രീയുടെ മൃതദേഹം ഗാസയിലെ അല്‍-ശിഫ ആശുപത്രി പരിസരത്ത് കണ്ടെത്തിയതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. 67കാരിയായ യെദൂഡിറ്റ് വെയ്‌സ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് പറയുന്നു. യുദ്ധത്തില്‍ തകര്‍ന്ന പാലസ്തീന്‍ പ്രദേശത്തുവച്ചാണ് യെദൂഡിറ്റ് കൊല്ലപ്പെട്ടതെന്നും ഞങ്ങള്‍ക്ക് അവരെ രക്ഷിക്കാനായില്ലെന്നും വക്താവ് ഡാനിയല്‍ ഹഗരി പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനിടെ ഗാസ അതിര്‍ത്തിയിലെ വീട്ടില്‍വെച്ചാണ് യെദൂഡിറ്റിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത് എന്നാണ് ഇസ്രയേലിന്റെ വാദം. ഇവരുടെ ഭര്‍ത്താവും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.