ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിദംബരം ചിത്രം കേരളത്തില്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. എന്നാല്‍ ചിത്രം കേരളത്തെക്കാള്‍ ശ്രദ്ധിക്കപ്പെടുന്നത് തമിഴ്‌നാട്ടിലാണ്. ആദ്യമയാണ് ഒരു മലയാള ചിത്രം തമിഴ്‌നാട്ടില്‍ 50 കോടി ക്ലബ് പിന്നിടുന്നത്. അടുത്തിടെ കേരളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിന് പല കാരണങ്ങളുണ്ട്. ചിത്രത്തിന്റെ പ്രമേയവും നിലവാരവും ഒരു വശത്ത് നില്‍ക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ വലിയ ചിത്രങ്ങള്‍ ഒന്നും തന്നെ റിലീസാകുന്നില്ലെന്ന കാര്യവും പ്രസക്തമാണ്. ഇറങ്ങിയ പടങ്ങളാണെങ്കില്‍ വിജയവുമാകുന്നില്ല. ഇതിനാല്‍ തന്നെ ഇപ്പോള്‍ തമിഴകത്ത് പഴയ ഹിറ്റ് ചിത്രങ്ങളും റീ റിലീസ് ചെയ്യുകയാണ്. എല്ലാ സൂപ്പര്‍താര ചിത്രങ്ങളും ഇതുപോലെ എത്തുന്നുണ്ട്. ഈ കണ്ടന്റില്ലാ കാലത്താണ് മലയാള സിനിമയായ മഞ്ഞുമ്മല്‍ അടക്കം അവിടെ കത്തികയറുകയാണ്. അതേ സമയം ഈ വലിയ റിലീസില്ലാത്ത തമിഴകത്തെ ഈ അവസ്ഥ ഏപ്രില്‍ അവസാനം വരെ തുടരും എന്നാണ് പുറത്ത് വരുന്ന ഇപ്പോഴത്തെ വിവരം.
അതായത് വരുന്ന ഏപ്രില്‍ 19നാണ് തമിഴകത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കുന്നത്. ഏപ്രില്‍ 14 എന്നത് മലയാളികള്‍ വിഷു ആഘോഷിക്കുമ്പോള്‍ തമിഴകത്ത് തമിഴ് പുത്താണ്ടാണ്. അതിനാല്‍ തന്നെ പൊങ്കല്‍, ദീപാവലി പോലെ വലിയ ആഘോഷ ഡേറ്റായിരുന്നു മുന്‍കാലങ്ങളില്‍ എല്ലാം ഈ തീയതിയില്‍ വന്‍ ചിത്രങ്ങള്‍ തന്നെ തമിഴ്‌നാട്ടില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ചൂട് കൊടുംമ്പിരി കൊണ്ടിരിക്കുമ്പോള്‍ റിലീസുകള്‍ വേണ്ട എന്നാണ് തമിഴ് സിനിമ നിര്‍മ്മാതാക്കളുടെ തീരുമാനം. അതിനാല്‍ ഇത്തവണ തമിഴ് പുത്താണ്ടിന് തമിഴകത്തെ തീയറ്ററുകള്‍ വന്‍ ചിത്രങ്ങള്‍ ഇല്ല. ഇതോടെ മലയാള സിനിമയ്ക്ക് വലിയ അവസരമാണ് ലഭിക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴകത്ത് ഉണ്ടാക്കിയ ഹൈപ്പിനാല്‍ വന്‍ റിലീസുകള്‍ ഉണ്ടാകുന്ന വിഷു സീസണ്‍ തമിഴകത്തും അവസരമാക്കി മാറ്റാന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞേക്കും. ആടുജീവിതം, ആവേശം, ജയ് ഗണേഷ് അടക്കം വലിയ ചിത്രങ്ങളാണ് മലയാളത്തില്‍ വിഷു റിലീസായി എത്തുന്നത്.ലോക്‌സഭ തെരഞ്ഞെടുപ്പ് കാരണം തമിഴ് പുത്താണ്ടിന് തമിഴകത്ത് വലിയ റിലീസുകള്‍ ഇല്ലാത്തത് വിഷു ചിത്രങ്ങള്‍ ആ മാര്‍ക്കറ്റ് കൂടി മുന്നില്‍ കണ്ട് ഇറക്കിയാല്‍ വലിയ നേട്ടം ഉണ്ടാക്കിയേക്കാം.