റോഡിന് വീതി കൂട്ടവേ, സമീപമുണ്ടായിരുന്ന മൂന്നു നില കെട്ടിടം തകര്‍ന്നു വീണു

ഗുണ്ടൂര്‍: ഗുണ്ടൂരില്‍ റോഡിന് വീതി കൂട്ടുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന മൂന്നു നില കെട്ടിടം തകര്‍ന്നു വീണു.

കെട്ടിടത്തിനുള്ളില്‍ നിന്നും ആളുകളെ നേരത്തെ തന്നെ ഒഴിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

ആന്ധ്രയിലെ ഗൂണ്ടൂരില്‍ നന്ദിവേലുഗു റോഡിലായിരുന്നു സെക്കന്റുകള്‍ക്കുള്ളില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണത്.

നരസിംഹ റാവുവെന്ന ആളുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

എന്നാല്‍ അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കെട്ടിടം തകരാന്‍ ഇടയാക്കിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം.

അടുത്തിടെയാണ് കൈയേറ്റം ഒഴിപ്പിച്ച് റോഡ് വീതി കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഗുണ്ടൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ആരംഭിച്ചത്.

റോഡ് കൈയേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റണമെന്ന് അധികൃതര്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

കൈയേറി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഭാഗം മാത്രം പൊളിച്ച് മാറ്റി ശേഷിക്കുന്ന ഭാഗത്ത് നരസിംഹ റാവു കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു.

പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള ഒറ്റനില കെട്ടിടത്തില്‍ രണ്ട് നിലകള്‍ കൂടി കൂട്ടിയെടുക്കുകയും ചെയ്തു.

റോഡ് വീതി കൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ കെട്ടിടം നിലം പതിക്കുകയായിരുന്നു.

റോഡിന്റെ വീതി 60 അടിയില്‍ നിന്നും 120 അടിയാക്കാനുള്ള പണികളാണ് ഇവിടെ പുരോഗമിക്കുന്നത്.

Top