ന്യൂഡല്‍ഹി : മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡാന്‍സ് കളിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയ്ക്ക് വിശദീകരണവുമായി എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി.
താന്‍ ഡാന്‍സ് കളിക്കുകയല്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തന്റെ പാര്‍ട്ടി ചിഹ്നമായ ‘പട്ടം’ പറപ്പിക്കുന്നത് അഭിനയിച്ചു കാണിച്ചതാണെന്നുമാണ് ഒവൈസി പറയുന്നത്. വീഡിയോ പ്രചരിപ്പിച്ചത് മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗം കഴിഞ്ഞ് വേദിയില്‍ നിന്നിറങ്ങുമ്പോഴായിരുന്നു ഒവൈസിയുടെ ആംഗ്യ പ്രകടനം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ യാണ് ഒവൈസിയുടെ ഈ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് പിന്നാലെ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളില്‍ 44 മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്.