അസം: ബീഫ് വില്‍പന നടത്തിയെന്ന് ആരോപിച്ച് അസമില്‍ വൃദ്ധന് ക്രൂര മര്‍ദ്ദനം. സംഘം ചേര്‍ന്ന് വൃദ്ധനെ ആക്രമിക്കുകയായിരുന്നു. ബംഗ്ലാദേശിയാണോയെന്നും ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരുണ്ടോയെന്നും ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. ആക്രമണത്തില്‍ പരിക്കേറ്റ വൃദ്ധനെ പന്നിമാംസം കഴിക്കാനും സംഘം പ്രേരിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ദൃശ്യങ്ങളിലുള്ള ആളുകളെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നതായും പൊലീസ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി ഏര്‍പ്പെടുത്തിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് കഴിഞ്ഞ വര്‍ഷമാണ് പ്രസിദ്ധീകരിച്ചത്. മൂന്ന് കോടി 29 ലക്ഷത്തോളം അപേക്ഷകരില്‍ നാല്‍പ്പത് ലക്ഷത്തോളം പേരെ കരടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇതിനോടകം വിവാദമായി ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുമെന്നാണ് ബി.ജെ.പിയുടെ ഇന്നലെ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയുന്നത്. ബിശ്വനാഥ് ഉള്‍പ്പെടുന്ന തേസ്പൂര്‍ മണ്ഡലത്തില്‍ ഏപ്രില്‍ പതിനൊന്നിനാണ് തെരഞ്ഞെടുപ്പ്.