ന്യൂഡല്‍ഹി: ലോക്‌സഭയിലെ അസംഖാന്റെ മോശം പരാമര്‍ശത്തിനെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ രമാദേവി. അസംഖാന് സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ലെന്നും അദ്ദേഹത്തെ സഭയില്‍ നിന്ന് പുറത്താക്കണമെന്നുമാണ് ബിജെപി എംപി കൂടിയായ രമാദേവി ആവശ്യപ്പെട്ടത്.
അസംഖാന്‍ നടിയും എം.പിയുമായ ജയപ്രദക്കെതിരെ പറഞ്ഞത് നാമെല്ലാവരും കേട്ടതാണ്. ലോക്‌സഭയില്‍ ഇരിക്കാന്‍ ഒരു അവകാശവും അദ്ദേഹത്തിന് ഇല്ല. അഅ്‌സംഖാനെ സ്പീക്കര്‍ പുറത്താക്കണം. ഖാന്‍ മാപ്പ് പറയണമെന്നും രമാദേവി ആവശ്യപ്പെട്ടു.
മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെ ഡെപ്യൂട്ടി സ്പീക്കര്‍ രമാദേവിക്കെതിരായ അസംഖാന്റെ പരാമര്‍ശം കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ബഹളത്തിന് വഴിവെച്ചിരുന്നു. നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുമ്പോഴാണ് എനിക്ക് സംസാരിക്കാന്‍ തോന്നുന്നതെന്നായിരുന്നു അസംഖാന്റെ വിവാദ പരാമര്‍ശം.
അസംഖാന്റെ പരാമര്‍ശം വന്നതോടെ സ്ത്രീകളോട് സംസാരിക്കേണ്ട രീതി ഇതല്ലെന്ന് രമാദേവി തിരിച്ചടിച്ചു. രമാദേവിയെ താന്‍ സഹോദരിയെ പോലെയാണ് കാണുന്നതെന്നായിരുന്നു അസംഖാന്റെ മറുപടി. എന്നാല്‍, മറുപടിയില്‍ തൃപ്തരാകാതിരുന്ന ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചു. എസ്.പി എം.പി മാപ്പ് പറയണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം.
സ്പീക്കര്‍ ഓം ബിര്‍ള വിഷയത്തില്‍ ഇടപ്പെടുകയും അസംഖാനോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പാര്‍ലമെന്റില്‍ മോശം ഭാഷ ഉപയോഗിക്കുന്നത് ബി.ജെ.പിയാണെന്നായിരുന്നു സ്പീക്കറുടെ ആവശ്യത്തിന് എസ്.പി നേതാവ് അഖിലേഷ് യാദവിന്റെ മറുപടി. താന്‍ മോശം ഭാഷ പ്രയോഗിച്ചിട്ടില്ലെന്നും അഅ്‌സംഖാന്‍ പറഞ്ഞു. തുടര്‍ന്ന് മാപ്പ് പറയാതെ തന്നെ അസംഖാനും അഖിലേഷ് യാദവും ലോക്‌സഭയില്‍ നിന്ന് ഇറങ്ങി പോയി.