ആസിയാന്‍ വിപണികള്‍ക്കായുള്ള എലാന്‍ട്ര ഫെയ്‌സ്ലിഫ്റ്റ് മോഡലിനെ ഹ്യുണ്ടായി അവതരിപ്പിച്ചു. എലാന്‍ട്ര ഫെയ്സ്ലിഫ്റ്റിന്റെ ആദ്യ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് പതിപ്പാണിത്. മലേഷ്യയിലാണ് ഇപ്പോള്‍ ഫെയ്‌സ്ലിഫ്റ്റിനെ അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ ഈ വര്‍ഷാവസാനം ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ തിളക്കമുള്ള ക്രോം ആവരണം എലാന്‍ട്ര ഫെയ്സ്ലിഫ്റ്റിന്റെ സവിശേഷതയില്‍പ്പെടുന്നു. മുന്നില്‍ ഒഴുകിവീഴുന്ന കസ്‌കേഡിങ് ഗ്രില്ലാണ് നല്‍കിയിരിക്കുന്നത്. ബമ്പര്‍ കൈയ്യേറുന്ന ട്രാപസോയിഡല്‍ ആകാരമാണ് ഗ്രില്ലിന്. ബമ്പര്‍ ഡിസൈനിലും മാറ്റം കാണാം. ഹെഡ്ലാമ്പുകള്‍ കണക്കെ ഫോഗ്ലാമ്പുകളും തിക്രോണാകൃതിയില്‍ മൂര്‍ച്ച കൂടിയാണ് ഒരുങ്ങുന്നത്.
സ്റ്റീയറിങ് വീലിനും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനും പുതിയ ഡിസൈനാണ്. എസി വെന്റുകള്‍ക്ക് ചുറ്റും ക്രോം ആവരണം നല്‍കിയിട്ടുണ്ട്. ക്ലൈമറ്റ് കണ്‍ട്രോള്‍ ബട്ടണുകളും പരിഷ്‌കരിക്കപ്പെട്ടു. 8.0 ഇഞ്ചാണ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സാധ്യതകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.6 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകളാണ് എലാന്‍ട്രയില്‍ തുടിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 148 bhp കരുത്തും ഡീസല്‍ എഞ്ചിന്‍ 126 bhp കരുത്തും കുറിക്കുന്നു. ഇരു എഞ്ചിന്‍ പതിപ്പുകളിലും മാനുവല്‍ ഗിയര്‍ബോക്സ് ആറു സ്പീഡാണ്. ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും തിരഞ്ഞെടുക്കാന്‍ കാറില്‍ അവസരമുണ്ട്.