മുംബൈ: ‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ആഷ പരേഖ്. വിവേക് അഗ്‌നിഹോത്രിയുടെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ദ കശ്മീര്‍ ഫയല്‍സ്’ ആഗോള ബോക്‌സോഫിസില്‍നിന്ന് 400 കോടിയോളം രൂപയാണ് നേടിയത്. കശ്മീര്‍ പണ്ഡിറ്റുകളുടെ യഥാര്‍ഥ കഥയെന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രമാണിത്.
വിവാദ സിനിമകളായ ‘ദ കശ്മീര്‍ ഫയല്‍സ്’, ‘ദ കേരള സ്റ്റോറി’ എന്നിവ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി. ഇത്തരം സിനിമകളില്‍നിന്ന് എന്ത് നേട്ടമാണ് ജനങ്ങള്‍ക്കുണ്ടായതെന്നും അവര്‍ ചോദിച്ചു. ഞാന്‍ ഈ സിനിമകള്‍ കണ്ടിട്ടില്ല. അതിനാല്‍ അവയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുന്നില്ല. ഇത്തരം സിനിമകള്‍ കാണാന്‍ താല്‍പര്യമുള്ളവര്‍ക്ക് അത് കാണാം.
നിരവധി പേര്‍ കശ്മീര്‍ ഫയല്‍സ് കണ്ടിട്ടുണ്ട്. സിനിമയുടെ നിര്‍മാതാവിന് 400 കോടി ലഭിച്ചു. എന്നാല്‍, എത്ര തുകയാണ് ഇതിന്റെ നിര്‍മാതാക്കള്‍ വെള്ളവും വൈദ്യുതിയുമില്ലാതെ പ്രയാസപ്പെടുന്ന ജമ്മുവിലെ ജനങ്ങള്‍ക്ക് നല്‍കിയത്. അവര്‍ക്ക് 50 കോടി രൂപയെങ്കിലും കശ്മീരി ഹിന്ദുക്കള്‍ക്ക് നല്‍കാമായിരുന്നു’, എന്ന് ആഷ പരേഖ് അഭിപ്രായപ്പെട്ടു.