‘മഴ കാത്തു’; ആഷസ് നിലനിര്‍ത്തി ഓസ്‌ട്രേലിയ; നാലാം ടെസ്റ്റ് സമനിലയില്‍

മാഞ്ചസ്റ്റര്‍: ആഷസ് പരമ്പര ഓസ്‌ട്രേലിയ നിലനിര്‍ത്തി. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റ് സമനിലയായതോടെയാണ് ഓസീസ് കിരീടം നിലനിര്‍ത്തിയത്. മത്സരത്തിന്റെ അവസാന ദിവസം മോശം കാലാവസ്ഥയെ തുടര്‍ന്ന് പന്തെറിയാന്‍ സാധിച്ചില്ല. സ്‌കോര്‍: ഇംഗ്ലണ്ട് 592. ഓസ്‌ട്രേലിയ 317 & 214/5. പരമ്പരയില്‍ ഓസീസ് 2-1ന് മുന്നിലാണ്. ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. ഇംഗ്ലണ്ട് ജയിച്ചാല്‍ പോലും ആഷസ് ഓസ്‌ട്രേലിയക്ക് തന്നെ.

അഞ്ചാംദിനം ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് കൈയ്യിലിരിക്കേ ഇംഗ്ലണ്ട് സ്‌കോറിനേക്കാള്‍ 61 റണ്‍സ് പിന്നിലായിരുന്നു ഓസീസ്. നാലാം ദിനം തുടക്കത്തിലെ തകര്‍ച്ച നേരിട്ട ഓസീസിന് 111 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്ന്റെ ഇന്നിംഗ്സ് പ്രതീക്ഷയായപ്പോള്‍ പിന്നീട് മഴയെത്തിയതാണ് ആശ്വാസമായത്. 275 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഓസീസിന് 108 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. ഉസ്മാന്‍ ഖവാജ 18 ഉം ഡേവിഡ് വാര്‍ണര്‍ 28 ഉം സ്റ്റീവ് സ്മിത്ത് 17 ഉം ട്രാവിസ് ഹെഡ് 1 ഉം റണ്‍സെടുത്ത് മടങ്ങി.

സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്നൊപ്പം മിച്ചല്‍ മാര്‍ഷ് നടത്തിയ പ്രതിരോധം മാത്രമായിരുന്നു മഴയ്‌ക്കൊപ്പം നാലാംദിനം ഓസീസിന് പ്രതീക്ഷയായുണ്ടായിരുന്നത്. ലബുഷെയ്ന്‍ പുറത്തായ ശേഷം 107 പന്തില്‍ 31* റണ്‍സുമായി മിച്ചല്‍ മാര്‍ഷും 15 പന്തില്‍ 3* റണ്‍സുമായി കാമറൂണ്‍ ഗ്രീനും ക്രീസില്‍ നില്‍ക്കേ മഴയെത്തിയതോടെ നാലാംദിനത്തെ കളി ഓസീസ് സ്‌കോര്‍ 214-5 എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.

ഇരുവര്‍ക്കും പുറമെ അലക്സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ബാറ്റിംഗിനെത്താനുണ്ടായിന്നത്. നാലാംദിനം തന്നെ ഓസീസിനെ പുറത്താക്കാനുള്ള ഇംഗ്ലണ്ട് ശ്രമങ്ങളാണ് മഴ കൊണ്ടുപോയത്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഓസീസിന്റെ 317നെതിരെ ഇംഗ്ലണ്ട് 592 റണ്‍സെടുത്തിരുന്നു.

Top