ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ അടുത്ത ആഴ്ച ഗെഹലോത്ത് സര്‍ക്കാര്‍ നിയമസഭ വിളിച്ചുകൂട്ടി വിശ്വാസം തെളിയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
സര്‍ക്കാരിനെ കൈവിട്ട ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ടു എംഎല്‍എമാര്‍ വീണ്ടും പിന്തുണ വാഗ്ദാനം ചെയ്തതിന് പിന്നാലെ അശോക് ഗെഹ്ലോത് ശനിയാഴ്ച ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ ചെന്നുകണ്ടിരുന്നു. അടുത്ത ആഴ്ച നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം ഗവര്‍ണറെ അറിയിച്ചതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ചൊവ്വാഴ്ചക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. പൈലറ്റടക്കമുള്ള വിമതരെ അയോഗ്യരാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ നല്‍കിയ നോട്ടീസില്‍ രാജസ്ഥാന്‍ ഹൈക്കോടതി ചൊവ്വാഴ്ചക്ക് മുമ്പ് വിധി പറഞ്ഞേക്കും. ഇത് കൂടി പരിഗണിച്ചാകും തീരുമാനം.