ഗവര്‍ണര്‍ ആറ്‌ പേജുള്ള പ്രേമലേഖനം അയച്ചെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി

ജയ്പുര്‍ : രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന രാജസ്ഥാനിലെ ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ പെരുമാറ്റത്തെ കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത്.

‘ഗവര്‍ണറുടെ പെരുമാറ്റത്തെ കുറിച്ച് ഇന്നലെ പ്രധാനമന്ത്രിയോട് സംസാരിച്ചിരുന്നു. ഗവര്‍ണ്ണര്‍ വീണ്ടും ഞങ്ങള്‍ക്ക് ആറ് പേജുള്ള പ്രേമലേഖനം അയച്ചിരിക്കുകയാണ്’ ഗെഹ്ലോത് പറഞ്ഞു.

നിയമസഭ വിളിക്കണമെങ്കില്‍ 21 ദിവസം മുന്‍പുള്ള നോട്ടീസ് വേണമെന്നതാണ് ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ നിലപാട്. 200 എംഎല്‍എമാരെയും ആയിരം ജീവനക്കാരെയും ഒരുമിച്ച് വിളിച്ചു ചേര്‍ക്കുന്നത് കോവിഡ്കാല ചട്ടപ്രകാരം അനുവദിക്കാനാവില്ല എന്നാണ് ഗവര്‍ണര്‍ പറയുന്നത്.

രണ്ടാം തവണയാണ് ഗവര്‍ണര്‍ അപേക്ഷ നിരസിക്കുന്നത്. സംസ്ഥാന പാര്‍ലമെന്ററി കാര്യ വകുപ്പിന് നിയമസഭ ചേരുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ചു. ഒപ്പം സര്‍ക്കാരില്‍ നിന്ന് ഗവര്‍ണര്‍ കൂടുതല്‍ വിവരങ്ങള്‍ ആരായുകയും ചെയ്തു.

വെള്ളിയാഴ്ച മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നായിരുന്നു ഗെഹ്ലോട്ട് ആവശ്യപ്പെട്ടിരുന്നത്. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ നേരത്തെ അശോക് ഗെഹ്ലോട്ട് എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനില്‍ ധര്‍ണ നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളിയ ഗവര്‍ണര്‍ നിയമസഭ വിളിക്കാന്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് പ്രതികരിച്ചിരുന്നു.

Top