എല്‍ഡിഎഫ് നടപ്പാക്കുന്നത് നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് അശോക് ഗെഹ്ലോട്ട്

തിരുവനന്തപുരം: കേരളത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ നടപ്പാവുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്രമോദിയുടെ ലക്ഷ്യമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ട്. എഐസിസി നിരീക്ഷകനായി കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനെത്തിയ അദ്ദേഹം കെപിസിസിയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അസാം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍ സംസ്ഥാനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് നടക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎം – കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. ഇവിടെയെല്ലാം തിരിച്ചു വരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് അകത്ത് തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളുമുണ്ടെന്ന് സ്ഥാപിച്ച് കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും തിരിച്ചു വരവിന് തടയിടാന്‍ ശ്രമിക്കുകയാണ് കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയുമെന്നും ഈ പ്രചരണത്തെ ഒറ്റക്കെട്ടായി നിന്ന് മറികടക്കേണ്ടതുണ്ടെന്നും ഗെല്ലോട്ട് പറഞ്ഞു.

ഇന്ത്യയില്‍ ആര്‍എസ്എസും ബിജെപിയും കൂടി ജനാധിപത്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചത് ഇതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. സിബിഐ ഉള്‍പ്പെടെ ഇതിനായി അവര്‍ ഉപയോഗിക്കുന്നു. ഇപ്പോഴും അവരുടെ ശ്രമങ്ങള്‍ തുടരുന്നു ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും അട്ടിമറി നീക്കം തുടരുകയാണ്. പത്തും പതിനഞ്ചും കോടി വാഗ്ദാനം ചെയ്ത് എംഎല്‍എമാരെ വിലയ്ക്ക് എടുക്കാന്‍ ശ്രമിക്കുകയാണ് അവര്‍.

നോട്ട് നിരോധനം മൂലം ലക്ഷങ്ങളാണ് ക്യൂവില്‍ നിന്നത്, നൂറുകണക്കിന് ആളുകള്‍ പൊരിവെയിലത്ത് ക്യൂവില്‍ നിന്നും മരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ടറല്‍ ബോണ്ടുണ്ടാക്കി. കോടിക്കണക്കിന് രൂപ ഇതു വഴി ബിജെപി അക്കൌണ്ടിലെത്തിയത്. രാജ്യത്തൊട്ടാകെ നടന്നു കൊണ്ടിരിക്കുന്ന പ്രൊജക്ടുകള്‍ക്ക് കമ്മീഷന്‍ വാങ്ങി ബിജെപിക്ക് ഫണ്ടുണ്ടാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

കേരളത്തില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറും. യുഡിഎഫും എല്‍ഡിഎഫും മാറി മാറി വരുന്നു. നമ്മുടെ പോരാട്ടം ബിജെപിക്കെതിരെയാണ്. ബംഗാളില്‍ സിപിഎമ്മുമായി കോണ്‍ഗ്രസ് സഹകരിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതാണ് മോദിയുടെ ലക്ഷ്യം. കേരളത്തില്‍ എല്‍ഡിഎഫിനെ ജയിപ്പിച്ചാലും മോദിയുടെ ആ ലക്ഷ്യമാണ് നടക്കുന്നത്.

രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും കോണ്‍ഗ്രസുണ്ട്, ഏത് ഗ്രാമത്തിലും കോണ്‍ഗ്രസുണ്ട്. രാജ്യത്തെ ഒന്നിച്ചു നിര്‍ത്തുന്ന മഹാശക്തിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. നമ്മുക്കെതിരെ സിപിഎമ്മും ബിജെപിയും ശക്തമായ പ്രചാരണം നടത്തുകയാണ്. അതിനെയെല്ലാം മറികടന്ന് കോണ്‍ഗ്രസിന്റെ വികസന സന്ദേശം നമ്മുക്ക് കേരളത്തിലെ എല്ലാവീടുകളിലും എത്തിക്കാന്‍ സാധിക്കണമെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.

 

 

Top