ജയ്പൂര്‍: കേന്ദ്ര സര്‍ക്കാര്‍ സിഎഎ, എന്‍ആര്‍സി പിന്‍വലിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖലോട്ട് രംഗത്ത്. ജയ്പൂരില്‍ നടന്ന എന്‍ആര്‍സി-സിഎഎ വിരുദ്ധ പ്രതിഷേധത്തിലാണ് അദ്ദേഹം ഈ ആവശ്യം വീണ്ടും ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഐക്യവും സമാധാനവും ഈ കരിനിയമം ഇല്ലാതാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
നിയമങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിനാകും. എന്നാല്‍ ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചുക്കൊണ്ടായിരിക്കണമതെന്നും അദ്ദേഹം വ്യക്തമാക്കി.
‘പൗരത്വ നിയമ ഭേദഗതി എന്‍ഡിഎ സര്‍ക്കാര്‍ നിര്‍ബന്ധമായും പുനഃപരിശോധിക്കണം. ഭരണഘടനയുടെ സത്തയ്ക്ക് എതിരാണത്. ഇത് പിന്‍വലിച്ച് രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണം’- ഖലോട്ട് പറഞ്ഞു.
അതേസമയം ‘കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരും പ്രതിഷേധക്കാര്‍ക്ക് ഒപ്പമുണ്ട്. തടങ്കല്‍ പാളയത്തിലേക്ക് ആര്‍ക്കെങ്കിലും പോകേണ്ട ഒരു സാഹചര്യമുണ്ടായാല്‍ ആദ്യം പോകുന്ന ആള്‍ താനായിരിക്കും. മാതാപിതാക്കളുടെ ജനന വിവരങ്ങള്‍ എന്‍പിആറില്‍ തേടുന്നുണ്ട്. എന്റെ മാതാപിതാക്കളുടെ ജനന സ്ഥലമടക്കം എനിക്കറിയില്ല. അത്തരം വിവരം തനിക്ക് കൊടുക്കാനാവില്ല’ മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന് പിന്നാലെ രാജസ്ഥാനും പ്രമേയം പാസാക്കിയിരുന്നു. ദേശീയ ജനസംഖ്യ റജിസ്റ്ററിലെ ചോദ്യാവലിയില്‍ മാറ്റം വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുകയുണ്ടായി. സംസ്ഥാന പാര്‍ലമെന്ററികാര്യ മന്ത്രി ശാന്തി ധാരിവാള്‍ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടൊടെയാണ് നിയമസഭയില്‍ പാസാക്കിയത്.