ജയ്പൂര്‍: ബിഹാറിന് പിന്നാലെ കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിലും ജാതി സെന്‍സസ് നടത്താന്‍ തീരുമാനം. ഇതോടെ ഇന്ത്യയില്‍ ജാതി സെന്‍സസ് നടത്തുന്ന രണ്ടാമത്തെ സംസ്ഥാനമായി രാജസ്ഥാന്‍. ജാതി സെന്‍സസ് നടത്താന്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ ശനിയാഴ്ചയാണ് ഉത്തരവിട്ടത്.
സംസ്ഥാനത്ത് പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും ആവശ്യമായ ക്ഷേമപദ്ധതികള്‍ നടത്തുകയും ചെയ്യുന്നതിനാണ് ജാതി സെന്‍സസ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ജീവിത നിലവാരവും സാമൂഹ്യ, സാമ്പത്തിക ഉയര്‍ച്ചയും മെച്ചപ്പെടുത്തുന്നതിനാണിതെന്നും ഉത്തരവില്‍ പറയുന്നു.
ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് കണക്ക് പുറത്തുവിട്ടതിന് പിന്നാലെ എതിര്‍പ്പുമായി ബി.ജെ.പി രംഗത്തുവന്നിരുന്നു. ബിഹാറില്‍ ജാതി സെന്‍സസ് അടിസ്ഥാനമാക്കിയുള്ള തുടര്‍നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സംഘ് പരിവാര്‍ അനുകൂല സംഘടനകളായ ‘ഏക് സോച്, ഏക് പ്രയാസ്’, യൂത്ത് ഫോര്‍ ഇക്വാലിറ്റി അടക്കമുള്ളവയാണ് കോടതിയെ സമീപിച്ചത്.ജാതി സെന്‍സസിനെതിരായ ഹരജികള്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ബിഹാര്‍ സര്‍ക്കാറിനെയോ മറ്റേതെങ്കിലും സര്‍ക്കാറുകളെയോ തടയാന്‍ സുപ്രീംകോടതിക്കാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
ജാതി സെന്‍സസില്‍നിന്ന് ലഭിച്ച വിവിധ ജാതികളുടെ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ പ്രാതിനിധ്യ കണക്കുകൂടി പുറത്തുവിടാന്‍ ബിഹാര്‍ സര്‍ക്കാറിനെ പ്രാപ്തമാക്കുന്നതാണ് സുപ്രീംകോടതി നിലപാട്. ഹരജികള്‍ക്ക് മറുപടി നല്‍കാന്‍ നിതീഷ് കുമാര്‍ സര്‍ക്കാറിന് നോട്ടീസ് അയച്ച സുപ്രീംകോടതി വിശദവാദത്തിനായി കേസ് അടുത്ത വര്‍ഷം ജനുവരിയിലേക്ക് മാറ്റി.