രാജസ്ഥാനില്‍ ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ അശോക് ഗെഹ്ലോട്ട് രാജി സമര്‍പ്പിച്ചു

രാജസ്ഥാന്‍:രാജസ്ഥാനില്‍ ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ വസതിയില്‍ എത്തിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് രാജിക്കത്ത് കൈമാറിയത്. തോല്‍വി ഞെട്ടിക്കുന്നതാണെന്നും തോല്‍വി സമ്മതിച്ചുവെന്നും ഗെലോട്ട് നേരത്തെ പ്രതികരിച്ചിരുന്നു.

തോല്‍വിക്ക് പിന്നിലെ കാരണങ്ങള്‍ കോണ്‍ഗ്രസ് പരിശോധിക്കും. പുതുമുഖങ്ങളെ കൊണ്ടുവരണമെന്നും അവസരം നല്‍കണമെന്നും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ എംപിയിലും ഛത്തീസ്ഗഡിലും ഈ ആവശ്യം ഉണ്ടായിരുന്നില്ല, എന്നിട്ടും കോണ്‍ഗ്രസ് പരാജയപ്പെട്ടു. അതുകൊണ്ട് പുതുമുഖങ്ങള്‍ വന്നിരുന്നെങ്കില്‍ വിജയിക്കുമെന്ന് പറയുന്നത് തെറ്റാണ് – അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.

അഞ്ച് വര്‍ഷത്തെ ഭരണകാലയളവില്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ മുന്‍നിര്‍ത്തി പ്രചാരണം നയിച്ച അശോക് ഗെഹ്ലോട്ടിന് ജനവിധിയില്‍ അടിപതറി. ബിജെപി ശക്തമായി തിരിച്ചവരുന്ന കാഴ്ചയ്ക്കാണ് രാജസ്ഥാന്‍ സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കങ്ങള്‍ നേരത്തെ തന്നെ കോണ്‍ഗ്രസിന് തലവേദനയായിരുന്നു.

 

Top