ന്യൂഡല്‍ഹി: അപമാനിതനായതിനാലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചതെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശ്വിനി കുമാര്‍. പാര്‍ട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും പഞ്ചാബില്‍ പോലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും അശ്വിനി കുമാര്‍ പറഞ്ഞു.
അശ്വിനി കുമാറിന്റെ രാജിക്ക് പിന്നാലെ ഗ്രൂപ്പ് 23 നേതാക്കള്‍ വീണ്ടും നേതൃത്വത്തിനെതിരെ തിരിഞ്ഞു. നാല്‍പത്തിയാറ് വര്‍ഷത്തെ സഹവാസം അവസാനിപ്പിച്ചാണ് അശ്വിനി കുമാര്‍ കോണ്‍ഗ്രസിന്റെ പടിയിറങ്ങിയത്. പഞ്ചാബ് ഘടകത്തിനെതിരെ ഉന്നയിച്ച പരാതികള്‍ കേട്ടതായി പോലും നേതൃത്വം നടിച്ചില്ല.
ചരണ്‍ജിത് സിംഗ് ഛന്നിയുടെ ന്യൂനതകളും ചൂണ്ടിക്കാട്ടിയിരുന്നു. നേരായ വഴിക്കല്ല കാര്യങ്ങള്‍ പോകുന്നതെന്നും ഉപജാപക സംഘത്തിന്റെ പിടിയിലാണ് നേതൃത്വമെന്നും അശ്വിനി കുമാര്‍ തുറന്നടിക്കുന്നു.