ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മത്സരക്രമം പുറത്തുവന്നു. ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഈ മാസം 28ന് നടക്കും. ദുബായിലാണ് മത്സരം. ഓഗസ്റ്റ് 27 ന് ആരംഭിക്കുന്ന ടൂർണമെൻ്റിൻ്റെ ഫൈനൽ സെപ്തംബർ 11നാണ്. ശ്രീലങ്കയിൽ തീരുമാനിച്ചിരുന്ന ഏഷ്യാ കപ്പ് രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. ക്വാളിഫയർ കളിച്ചെത്തുന്ന ടീമാണ് ഗ്രൂപ്പിലെ മൂന്നാമത്തെ അംഗം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ സൂപ്പർ ഫോറിൽ പ്രവേശിക്കും. സൂപ്പർ ഫോറിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഇതിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ഫൈനൽ കളിക്കും.
രണ്ട് ഗ്രൂപ്പുകളാണ് ആകെ ഉള്ളത്. രണ്ടാമത്തെ ഗ്രൂപ്പിൽ ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന മറ്റൊരു ടീമും ഉണ്ടാവും. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ആകെ 13 മത്സരങ്ങളിൽ 10ഉം ദുബായിലാണ്. മൂന്ന് മത്സരങ്ങൾ ഷാർജയിൽ നടക്കും.