ഏഷ്യാകപ്പ് ക്രിക്കറ്റ്; സൂപ്പര്‍ ഫോറില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും

അബുദാബി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ അഞ്ചാം ജയത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. വൈകിട്ട് അഞ്ചിനാണ് കളി ആരംഭിക്കുന്നത്. വെള്ളിയാഴ്ച ഫൈനല്‍ നടക്കും.

നാലില്‍ നാലും ജയിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. പാക്കിസ്ഥാനെതിരെ രോഹിത് ശര്‍മ്മയുടെയും, ശിഖര്‍ ധവാന്റെയും സെഞ്ച്വറി ഇന്ത്യക്ക് നല്‍കിയത് അനായാസ ജയമായിരുന്നു. നാല് കളിയില്‍ ശിഖര്‍ ധവാന്‍ 327 ഉം, രോഹിത് 269 ഉം റണ്‍സ് നേടിക്കഴിഞ്ഞു. ധവാന് വിശ്രമം നല്‍കി കെ എല്‍ രാഹുലിന് അവസരം നല്‍കണമെന്നാണ് മുന്‍താരം സഞ്ജയ് മഞ്ചരേക്കറുടെ അഭിപ്രായം. മനീഷ് പാണ്ഡേയെയും പരിഗണിച്ചേക്കും.

ഫൈനലിന് മുന്‍പ് ആവശ്യമായി വിശ്രമത്തിനായി ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വര്‍കുമറിനും വിശ്രമം നല്‍കിയേക്കും. പരിചയക്കുറവ് ഉണ്ടെങ്കിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ ശേഷിയുള്ളതാണ് റാഷീദ് ഖാനും, മുജീബുര്‍ റഹ്മാനും ഉള്‍പ്പെട്ട അഫ്ഗാന്‍ ബൗളിംഗ് നിര.

ഹഷ്മത്തുള്ള ഷാഹിദി ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരതയില്ലായ്മയാണ് അവസാന മത്സരങ്ങളിലെല്ലാം അഫ്ഗാനിസ്ഥാന് തിരിച്ചടിയായത്.

Top