ഏഷ്യാ കപ്പ് ക്രിക്കറ്റ്: മൊര്‍ത്താസ നേടിയ ക്യാച്ചിന്‌ കൈയ്യടിച്ച് ആരാധകര്‍

അബുദാബി: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാനെ കീഴടക്കിയാണ് ബംഗ്ലാദേശ് ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത്. ഈ മത്സരത്തില്‍ ബംഗ്ലാദേശിന്റെ വിജയത്തില്‍ നിര്‍ണായകമായത് ഒരു ക്യാച്ചായിരുന്നു, ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസയെടുത്ത മനോഹരമായൊരു ക്യാച്ച്.

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഷൊയിബ് മാലിക്കും ഇമാമുല്‍ ഹഖും ചേര്‍ന്ന് പാക്കിസ്ഥാനെ കര കയറ്റാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ 21ാം ഓവറില്‍ റൂബല്‍ ഹൊസൈന്റെ പന്തില്‍ മൊര്‍ത്താസ മാലിക്കിനെ പുറത്താക്കാനായി ഒരു ക്യാച്ചെടുത്തു. മിഡ് വിക്കറ്റിന് മുകളിലൂടെ ബൗണ്ടറിയടിക്കാനായിരുന്നു മാലിക്കിന്റെ ശ്രമം. എന്നാല്‍ പറന്ന് വീണ് മൊര്‍ത്താസ ആ പന്ത് കൈപ്പിടിയിലൊതുക്കി. 30 റണ്‍സെടുത്ത മാലിക്ക് പുറത്തും പോയി.

നിരവധി പേരാണ് മൊര്‍താസയുടെ ഈ ക്യാച്ചിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്. ഏതൊരു യുവതാരത്തേയും അസൂയപ്പെടുത്തുന്ന തരത്തിലായിരുന്നു മുപ്പത്തിനാലുകാരനായ മൊര്‍താസയുടെ ക്യാച്ചെന്നാണ് ആരാധകര്‍ പറയുന്നത്. വെള്ളിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍.

Top