ഇന്ത്യയുടെ നാണംകെട്ട വിജയമെന്ന് ;ട്വിറ്ററില്‍ പരിഹാസ വര്‍ഷം

ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ടീം ഇന്ത്യയുടെ വിജയത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ചെറിയ ടീമെന്ന് വിശേഷിപ്പിക്കാവുന്ന ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ടീമിനെയാണ് ആരാധകര്‍ പരിഹസിക്കുന്നത്.

ഒടുവില്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സില്‍ കളിയവസാനിപ്പിക്കുമ്പോള്‍ ഹോങ്കോങ്ങ് ലക്ഷ്യത്തില്‍ നിന്ന് 26 റണ്‍സ് മാത്രം അകലെയായിരുന്നു. അല്‍പംകൂടി ശ്രമിച്ചിരുന്നെങ്കില്‍ മത്സരഫലം തന്നെ മറ്റൊന്നാകുമായിരുന്നു. മത്സരം നടക്കുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ രോഹിതിനും കൂട്ടര്‍ക്കുമെതിരെ പരിഹാസവും ആരംഭിച്ചിരുന്നു.

മുന്‍ ഇന്ത്യന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണനും മുഹമ്മദ് കൈഫും അടക്കമുള്ളവര്‍ ഹോങ്കോങ്ങിനെ അഭിന്ദിച്ച് രംഗത്തെത്തിയപ്പോള്‍ പരിശീലകന്‍ രവിശാസ്ത്രിയേയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും കണക്കറ്റ് പരിഹസിച്ചാണ് ചിലര്‍ രംഗത്തെത്തിയത്. “ഇതായിരിക്കും ഇന്ത്യ 1983 ശേഷം കണ്ട ഏറ്റവും മികച്ച ഏകദിന ടീം, അല്ലേ ശാസ്ത്രി?” എന്നായിരുന്നു ചില വിരുതന്മാരുടെ ട്വീറ്റ്.

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ കനത്ത പരാജയമേറ്റു വാങ്ങിയപ്പോഴും സമീപകാലത്തു കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ടീമാണ് ഇതെന്ന് ശാസ്ത്രി പറഞ്ഞിരുന്നു. ഹോങ്കോങ്ങിനെ 116റണ്‍സിന് പുറത്താക്കിയ പാക്കിസ്ഥാനോടാണ് അടുത്ത മത്സരമെന്ന് നീലപ്പട ഓര്‍ത്താല്‍ നല്ലതാണെന്നായിരുന്നു ചിലരുടെ പരിഹാസം.

Top