ദുബായ്: ഏഷ്യ കപ്പ് ഫൈനലില്‍ ബംഗ്ലാ കടുവകളെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഓപ്പണര്‍ ശിഖര്‍ ധവാന്‍. ബംഗ്ലാദേശിനെ നിസാരക്കാരായി കാണരുതെന്നാണ് ധവാന്‍ ടീം അംഗങ്ങളോട് പറഞ്ഞിരിക്കുന്നത്.
സൂപ്പര്‍ഫോറിലെ അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ 37 റണ്‍സിന് തകര്‍ത്താണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്. ബംഗ്ലാദേശിനെ നിസാരമായി കാണാനാവില്ലെന്നും, പാക്കിസ്ഥാനെ പോലൊരു മികച്ച ടീമിനെയാണ് അവര്‍ പരാജയപ്പെടുത്തിയതെന്നും വാര്‍ത്താസമ്മേളനത്തില്‍ ധവാന്‍ പറഞ്ഞു. പേപ്പറിലെ ടീമുകളുടെ പേരും മൈതാനത്ത് കളിക്കാര്‍ കളിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും, മൈതാനത്ത് ഏതു ടീമാണോ മികച്ച രീതിയില്‍ കളിക്കുന്നത്, അവരായിരിക്കും മികച്ച ടീമെന്ന പേരെടുക്കുകയെന്നും ധവാന്‍ വ്യക്തമാക്കി.
ബംഗ്ലാദേശിന് ഗ്രൗണ്ട് സപ്പോര്‍ട്ട് കൂടുതലാണ്. മാത്രമല്ല, തുര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നുണ്ട്. അവരുടെ കൂടെ അനുഭവ പരിചയമുളള ഒട്ടേറെ കളിക്കാരുണ്ടെന്നും, അവര്‍ക്ക് കളിയുടെ സ്ട്രാറ്റജിയെക്കുറിച്ച് നന്നായിട്ട് അറിയാമെന്നും ഓപ്പണര്‍ വ്യക്തമാക്കി.
സമ്മര്‍ദ്ദം ഉണ്ടെങ്കില്‍പ്പോലും എങ്ങനെ അതിനെ മറികടന്ന് കളിക്കണമെന്ന് താരങ്ങള്‍ക്ക് അറിയാമെന്നും, അതിനാല്‍ തന്നെ വലിയ ടീമിനോടാണ് കളിക്കുന്നതെന്ന ഭയം അവര്‍ക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ട് 18 വര്‍ഷമേ ആയിട്ടുളളൂ. അവര്‍ക്ക് ചിലപ്പോള്‍ സമയം വേണ്ടി വന്നേക്കും (ഫൈനല്‍ ജയിക്കാന്‍). ചിലപ്പോള്‍ വളരെ കുറച്ച് സമയം കൊണ്ട് ടീമുകള്‍ക്ക് ഫൈനലില്‍ എത്താന്‍ കഴിയുമെന്നും ഇതൊക്കെയാണെങ്കിലും ഫൈനലില്‍ ഇന്ത്യ ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ധവാന്‍ പറഞ്ഞു.
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏഷ്യാ കപ്പ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കും.