ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് വീണ്ടും മാറ്റിവച്ചു. ഈ വര്‍ഷം പാകിസ്താനിലാണ് ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്. പിന്നീട് ടൂര്‍ണമെന്റിന്റെ വേദി ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. 2022ല്‍ ടൂര്‍ണമെന്റ് നടത്തുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കൊവിഡ് ബാധ കണക്കിലെടുത്താണ് തീരുമാനം. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരുന്ന ടി-20 ലോകകപ്പും മാറ്റിവച്ചു എന്നാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തയില്ല. 2018ലാണ് അവസാനമായി ഏഷ്യാ കപ്പ് നടന്നത്. ഇന്ത്യയില്‍ തീരുമാനിച്ചിരുന്ന ടൂര്‍ണമെന്റ് പാകിസ്താന്‍ താരങ്ങളുടെ വിസാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യുഎഇയിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ആണ് ഏഷ്യാ കപ്പില്‍ ചാമ്പ്യന്മാരായത്. ഏഷ്യാ കപ്പിന് രണ്ടാം നിര ടീമിനെ അയക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം. ഇന്ത്യന്‍ ടീമിന്റെ തിരക്കിട്ട മത്സരക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ ഇത്തരം ഒരു തീരുമാനം എടുക്കാന്‍ ഒരുങ്ങുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങിയ ഒരു പരമ്പര കളിക്കാനുണ്ട്. അതിനു ശേഷം ഇന്ത്യയില്‍ തന്നെ ടി-20 ലോകകപ്പ് നടക്കും. ഇതിനിടെ ഏഷ്യാ കപ്പ് കൂടി കളിക്കുക അസാധ്യമാണെന്നാണ് ബിസിസിഐ പറയുന്നത്.