ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിന്ന് കീപ്പര്‍ റിഷഭ് പന്തിനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലെ സെഞ്ചുറിയിലൂടെ ഏകദിന ക്രിക്കറ്റിന് താന്‍ യോഗ്യനാണെന്ന് പന്ത് തെളിയിച്ചുവെന്നും ഗാംഗുലി പറഞ്ഞു. ഏഷ്യാ കപ്പ് ധോണിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാവുമെന്നും ഗാംഗുലി വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേട്ട എം എസ് ധോണിയെ സംബന്ധിച്ചിടത്തോളം ഏഷ്യാ കപ്പ് നിര്‍ണായകമാണ്. തന്റെ പവര്‍ ഹിറ്റിംഗ് കഴിവുകള്‍ വീണ്ടെടുക്കാനുള്ള അവസരമാണ് ധോണിക്കിതെന്നും, തനിക്കിപ്പോഴും അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ കഴിയുമെന്ന് സെലക്ടര്‍മാരെ ബോധ്യപ്പെടുത്താനുള്ള അവസരമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഏഷ്യാ കപ്പിലെ ഇന്ത്യാ- പാക്കിസ്ഥാന്‍ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും തുല്യ സാധ്യതയാണുള്ളതെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തില്‍ മാത്രം ശ്രദ്ധിക്കാതെ ടൂര്‍ണമെന്റ് ജയിക്കാനാണ് ഇരുടീമുകളും ശ്രദ്ധിക്കേണ്ടത്. ഇത് മറ്റൊരു മത്സരം പോലെ കണ്ടാല്‍ മതിയെന്നും, ബൗളര്‍മാര്‍ക്ക് മുന്‍തൂക്കമില്ലാത്ത ഫ്‌ളാറ്റ് പിച്ചുകളില്‍ പാക്കിസ്ഥാന്‍ അപകടകാരികളാണ്. കൊഹ്‌ലി ഇല്ലെങ്കിലും ഇന്ത്യന്‍ ടീം ശക്തരാണെന്നും,മാച്ച് വിന്നര്‍മാരായ രോഹിത്തിന്റെയും ധവാന്റെയും സാന്നിധ്യം ഇന്ത്യക്ക് കരുത്താകുമെന്നും മുന്‍ നായകന്‍ പറഞ്ഞു.