ഏഷ്യാ കപ്പ് വേദി മാറ്റം; ഭീഷണിയുമായി വീണ്ടും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

കറാച്ചി: ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്കരിക്കുമെന്ന് ഭീഷണിയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. ഏഷ്യാ കപ്പ് പാക്കിസ്ഥാനില്‍ നടത്തിയാല്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യ പങ്കെടുക്കുന്നില്ലെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും പങ്കെടുക്കില്ലെന്ന് പാക്കിസ്ഥാന്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

എന്നാല്‍ പാക്കിസ്ഥാനെ ആതിഥേയത്വത്തില്‍ നിന്ന് മാറ്റിയാല്‍ ടൂര്‍ണമെന്റ് തന്നെ ബഹിഷ്കരിക്കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കുന്നത് ഇതാദ്യമാണ്. ആതിഥേയത്വമില്ലെങ്കില്‍ ഞങ്ങള്‍ ഏഷ്യാ കപ്പിനില്ല. കാരണം, ഏഷ്യാ കപ്പ് ആതിഥേയത്വം ഞങ്ങള്‍ക്ക് അനുവദിച്ചതാണ്. ഇന്ത്യ വരുന്നില്ലെങ്കില്‍ വരണ്ട. പക്ഷെ ആതിഥേയത്വം ഇല്ലെങ്കില്‍ ടൂര്ഡണമെന്‍റില്‍ നിന്ന് പിന്‍മാറുന്ന ആദ്യത്തെ ടീം ഞങ്ങളുടേതാവും-റമീസ് രാജ പറഞ്ഞു.

ഏഷ്യാ കപ്പ് നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റുമെന്ന് ഒക്ടോബറില്‍ ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റുമായ ജയ് ഷാ വ്യക്തമാക്കിയിരുന്നു. അങ്ങനെ ചെയ്താല്‍ അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കില്ലെന്നായിരുന്നു അന്ന് പാക്കിസ്ഥാന്റെ ഭീഷണി. അടുത്ത വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

ശ്രീലങ്ക വേദിയാവേണ്ടിയിരുന്ന ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് യുഎഇയിലേക്ക് മാറ്റിയിരുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനല്‍ പോലും കാണാതെ പുറത്തായപ്പോള്‍ പാക്കിസ്ഥാന്‍ ഫൈനലില്‍ ശ്രീലങ്കയോട് തോറ്റു.

Top