കകാമിഗഹര: ഏഷ്യാ കപ്പ് വനിത ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍.
തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.
അവസാന മത്സരത്തില്‍ മലേഷ്യയെ 2-0ന് തോല്പിച്ച് പൂള്‍ എയിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ഇന്ത്യക്കുവേണ്ടി വന്ദന കട്ടാരിയ (54), ഗുര്‍ജിത് കൗര്‍ (55) എന്നിവരാണ് ഗോള്‍ നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ കസാഖിസ്ഥാനെ നേരിടും.
ആദ്യ ക്വാര്‍ട്ടറില്‍ ഇരുടീമും ജാഗ്രതയോടെയാണു കളിച്ചത്. മലേഷ്യ പ്രതിരോധാത്മക ഹോക്കി കളിച്ചപ്പോള്‍ ഇന്ത്യ ക്ഷമാപൂര്‍വം അവസരങ്ങള്‍ക്കായി കാത്തിരുന്നു. അതോടെ ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായി കലാശിച്ചു. രണ്ടാം ക്വാര്‍ട്ടറിലും ഇരു ടീമുകള്‍ക്കും ഫലംകാണാനായില്ല.
മത്സരം മൂന്നാം ക്വാര്‍ട്ടറിലേക്കു നീങ്ങി. മലേഷ്യക്കു ഒരു പെനാല്‍റ്റി കോര്‍ഡര്‍ നേടിയെടുത്തെങ്കിലും ഗോളാക്കാനായില്ല. ഇതോടെ മൂന്നാം ക്വാര്‍ട്ടറും ഗോള്‍രഹിതമായി. അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യ ഗോളിനായി ശ്രമം ശക്തമാക്കി. അതിന്റെ ഫലംകണ്ടു. ഫോര്‍വേഡ് കട്ടാരിയയുടെ മികച്ചൊരു ഫീല്‍ഡ് ഗോള്‍ മലേഷ്യന്‍ വല 54-ാം മിനിറ്റില്‍ കുലുക്കി. തൊട്ടടുത്ത മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി.
അവസാന മിനിറ്റുകളില്‍ മലേഷ്യ ഗോളിനായി പൊരുതിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം ശക്തമായി നിലയുറപ്പിച്ചതോടെ ഒരു ഗോളെന്ന സ്വപ്‌നം ഇല്ലാതാവുകയായിരുന്നു.