ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം

ദോഹ ; ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം. എണ്ണൂറ് മീറ്ററില്‍ ഗോമതി മാരിമുത്തുവും ഷോട്ട്പുട്ടില്‍ തേജ് ബഹാദൂറുമാണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. രണ്ടാം ദിനം മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മൊത്തം പത്ത് മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ചൈനയാണ് ഒന്നാം സ്ഥാനത്ത്.

രണ്ട് സ്വര്‍ണമുള്‍പ്പെടെ അഞ്ച് മെഡലുകളാണ് രണ്ടാം ദിനം ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ എണ്ണൂറ് മീറ്ററില്‍ ഗോമതി മാരിമുത്തുവാണ് ആദ്യ സ്വര്‍ണം നേടിയത്. പിന്നാലെ ഷോട്ട് പുട്ട് പിറ്റില്‍ നിന്നും സ്വര്‍ണം നേടി. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ തേജ് ബഹാദൂര്‍ ടൂര്‍ ദോഹയിലും മികവ് ആവര്‍ത്തിച്ചപ്പോള്‍ ഇന്ത്യന്‍ സ്വര്‍ണ നേട്ടം രണ്ടായി.

നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലുമായി സരിതാ ബെന്‍ ഗെയ്ക്ക് വാദാണ് രണ്ടാം ദിനം ഇന്ത്യക്ക് ആദ്യം മെഡലെത്തിച്ചത്. പിന്നാലെ നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ എംപി ജാബിറാണ് വെങ്കലം നേടിയത്. പിന്നാലെ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ശിവപാല്‍ യാദവും വെങ്കലം നേടി

വനിതകളുടെ നൂറ് മീറ്ററില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ദ്യുതി ചന്ദ് അഞ്ചാം സ്ഥാനത്തേക്ക് പോയത് ഇന്ത്യക്ക് തിരിച്ചടിയായി. പുരുഷന്മാരുടെ നാനൂറ് മീറ്ററില്‍ മുഹമ്മദ് അനസ് യഹ്യയും എണ്ണൂറ് മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണും നിരാശപ്പെടുത്തി.

Top