ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ ഖനിയായ അത്‌ലറ്റിക്‌സിന് പ്രധാന വേദിയായ ഗെലോറ ബുങ് കാര്‍ണോ സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കം. അത്‌ലറ്റിക്‌സിലെ ആകെ മെഡലുകളുടെ എണ്ണത്തില്‍ ചൈനയ്ക്കും ജപ്പാനും പിന്നില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യ ഇത്തവണയും വളരെ പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ തവണ രണ്ടു സ്വര്‍ണവും, മൂന്നു വെള്ളിയുമുള്‍പ്പെടെ 13 മെഡലുകളും, 2010ല്‍ അഞ്ചു സ്വര്‍ണവും, രണ്ടു വെള്ളിയുമുള്‍പ്പെടെ 12 മെഡലുകളുമാണു രാജ്യം നേടിയത്. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. അത്‌ലറ്റിക്‌സ് ആരംഭിക്കുമ്പോള്‍ മലയാളികളിലേക്കാണ് എല്ലാ കണ്ണുകളും പതിയുന്നത്. 400 മീറ്റര്‍ ഹീറ്റ്‌സില്‍ വൈ. മുഹമ്മദ് അനസ് ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. സെമിഫൈനലും ഇന്നാണ് നടക്കുന്നത്. 400നു പുറമേ 4X400 മീറ്റര്‍ റിലേയിലും മിക്‌സ്ഡ് റിലേയിലും അനസുണ്ട്. 800ലും 1,500ലും ജിന്‍സണ്‍ ജോണ്‍സണിലാണു പ്രതീക്ഷയുള്ളത്.
വനിതാ 1,500 മീറ്ററില്‍ പി.യു.ചിത്രയും, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍.അനുവും, ലോങ്ജംപില്‍ എം.ശ്രീശങ്കറും, ട്രിപ്പിള്‍ ജംപില്‍ എ.വി.രാകേഷ് ബാബുവും, വനിതാ ലോങ്ജംപില്‍ നയന ജയിംസും, നീന പിന്റോയും മത്സരിക്കുന്നുണ്ട്.