ന്യൂഡല്‍ഹി : ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ താരം വിനേഷ് ഫോഗട്ടിന് വിമാനത്താവളത്തില്‍ വിവാഹ നിശ്ചയം. ഇന്ത്യയ്ക്ക് സുവര്‍ണ്ണ നേട്ടം നല്‍കിയ താരമാണ് വിനേഷ്.
ജക്കാര്‍ത്തയില്‍ നിന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോള്‍ ആ നേട്ടത്തിനൊപ്പം ഇരട്ടി മധുരം നല്‍കുന്ന സര്‍പ്രൈസായിരുന്നു ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിനേഷ്‌നെയും കാത്തിരുന്നത്. ഗുസ്തി താരം സോംവിര്‍ രതി വിമാനത്താവളത്തില്‍വച്ച് വിനേഷിന്റെ വിരലില്‍ മോതിരം അണിയിച്ചാണ് ആ സര്‍പ്രൈസ് നല്‍കിയത്. കൂട്ടുകാരുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍വച്ചാണ് ഇരുവരും പരസ്പരം വിവാഹ മോതിരമണിഞ്ഞത്. തുടര്‍ന്ന് കേക്ക് മുറിച്ച് ആഘോഷം ഗംഭീരമാക്കിയാണ് ഇരുവരും വിമാനത്താവളത്തില്‍നിന്നും മടങ്ങിയത്.
വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ജപ്പാന്‍ താരം യൂകി ഇറിയെ മലര്‍ത്തിയടിച്ചാണ് ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡ് വിനേഷ് സ്വന്തമാക്കിയത്. തന്റെ 24ാം പിറന്നാളില്‍ ഒരിക്കലും മറക്കാനാകാത്ത നേട്ടമാണ് വിനേഷ് നേടിയത്.
ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുമായി വിനേഷ് പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിനാണെന്ന വാര്‍ത്തകള്‍ തള്ളി ഇരുവരും രംഗത്തെത്തിയിരുന്നു. അതേസമയം നീരജ് ചോപ്രയുമായുള്ള പ്രണയ വാര്‍ത്തകള്‍ക്ക് പുറകെയല്ല സോംവിറിന്റെ സര്‍പ്രൈസ് എന്നും വിനേശ് വ്യക്തമാക്കി. എട്ട് വര്‍ഷമായി താനും സോംവിറും പ്രണയത്തിലാണെന്നും ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും വിനേഷ് പ്രതികരിച്ചു.