ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനതാരം ഹിമാ ദാസിന് വെള്ളി മെഡല്‍. 400 മീറ്റര്‍ വനിതാ വിഭാഗത്തില്‍ 50.79 സെക്കന്‍ഡില്‍ ഹിമ മത്സരം പൂര്‍ത്തിയാക്കി. ബഹ്‌റിന്റെ സല്‍വ നാസറാണ് ഹിമയെ മറികടന്ന് സ്വര്‍ണമെഡല്‍ നേടിയത്.
നേരത്തെ, ഇന്ത്യയുടെ പുത്തന്‍ പ്രതീക്ഷയായ ഹിമ റെക്കോര്‍ഡ് തിരുത്തിക്കൊണ്ടാണ് 400 മീറ്റര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. 14 വര്‍ഷത്തെ ദേശീയ റെക്കോര്‍ഡാണ് ഹിമ തിരുത്തിക്കുറിച്ചത്.
2004ല്‍ മഞ്ജീത് കൗര്‍ കുറിച്ച 51.05 സെക്കന്‍ഡായിരുന്നു 400 മീറ്ററില്‍ ഇതുവരെയുണ്ടായിരുന്ന ദേശീയ റെക്കോര്‍ഡ്. കൃത്യം 51 സെക്കന്‍ഡുകൊണ്ട് ഓട്ടം പൂര്‍ത്തിയാക്കിയാണ് ഹിമ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. ഹിമയ്ക്കൊപ്പം ഇന്ത്യന്‍ താരമായ നിര്‍മലയും 400 മീറ്റര്‍ ഫൈനലിലെത്തിയിട്ടുണ്ട്. 100 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദ് സെമി ഫൈനല്‍ യോഗ്യത നേടിയിരുന്നു.
400 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ മലയാളിയായ മുഹമ്മദ് അനസ് ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ 45.30 സെക്കന്‍ഡില്‍ ഒന്നാമതായാണ് അനസ് ഫെനലിലെത്തുന്നത്. ഇന്ത്യന്‍ താരമായ ആരോക്യയും ഫൈനല്‍ യോഗ്യത നേടിയിരുന്നു.