ജക്കാര്‍ത്ത : ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദ് ഫൈനലില്‍ കടന്നു. എന്നാല്‍, രണ്ടാം ഹീറ്റ്‌സില്‍ തുടക്കം പിഴച്ചതിനാല്‍ ഹിമ ദാസിനെ മത്സരത്തില്‍ നിന്നം അയോഗ്യയാക്കി. ആദ്യ സെമി ഹീറ്റ്‌സില്‍ 23 സെക്കന്‍ഡില്‍ ഓടിയാണ് ദ്യുതി ചന്ദ് ഫൈനലില്‍ പ്രവേശിച്ചത്. എന്നാല്‍ ഫൗള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്നാണ് ഹിമ ദാസ് 200 മീറ്റര്‍ ഓട്ടത്തില്‍ ഫൈനല്‍ കാണാതെ പുറത്തായത്.
ഗെയിംസില്‍ ഇന്ന് നടന്ന ഫൈനലുകളിലെല്ലാം വെള്ളി മെഡലാണ് ഇന്ത്യ നേടിയത്. ബാഡ്മിന്റണില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂയിങ്ങിനോട് തോറ്റത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 13–21, 16–21. നേട്ടം വെള്ളിയിലൊതുങ്ങിയെങ്കിലും ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റനില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.
അമ്പെയ്ത്ത് കോംപൗണ്ട് പുരുഷ, വനിതാ ഫൈനലുകളില്‍ ഇന്ത്യന്‍ ടീമുകള്‍ ദക്ഷിണകൊറിയയോടു തോറ്റിരുന്നു. ടേബിള്‍ ടെന്നിസ് ടീം ഇനത്തില്‍ സെമിയില്‍ തോറ്റെങ്കിലും വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍ പുരുഷ ടീം ചരിത്രമെഴുതി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ ടേബിള്‍ ടെന്നിസ് മെഡലാണിത്. ഇതോടെ, ജക്കാര്‍ത്തയില്‍ എട്ടു സ്വര്‍ണവും 16 വെള്ളിയും 21 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ മെഡല്‍നേട്ടം 45 ആയി ഉയര്‍ന്നു.