ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ-ദിവ്ജി ശരണ്‍ സഖ്യം ഫൈനലില്‍. ജപ്പാന്റെ കൈറ്റോ യൂസുഖിഷോ ഷിമാബുകുറോ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലിലെത്തിയത്. സ്കോര്‍ 4-6, 6-4, 10-8.
സ്വര്‍ണ പ്രതീക്ഷയായ കബഡിയിലും ഇന്ത്യ സെമിയിലെത്തിയിട്ടുണ്ട്. വനിതാ വിഭാഗത്തിലും ഇന്ത്യ സെമിയിലെത്തി. കൂടാതെ, പുരുഷ വിഭാഗം 50 മീറ്റര്‍ ബട്ടര്‍ഫ്ലൈ നീന്തലില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയ പ്രകടനത്തോടെ വിര്ധവാല്ഖാഡെ ഫൈനലിലെത്തി.
അതേസമയം, അമ്പെയ്ത്തില്‍ വനിതാ വിഭാഗം വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ദീപിക കുമാരി പുറത്തായി. ചൈനീസ് തായ്പേയിയുടെ ലീ ചിന് യിംഗിനോട് 3-7നാണ് ദീപിക തോറ്റത്.