ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ ആവേശം ഉള്‍ക്കൊണ്ട് ഒരുപിടി താരങ്ങള്‍ മെഡല്‍ പ്രതീക്ഷയോടെ ഇന്ന് കളത്തിലിറങ്ങും. ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയ്ക്ക് മെഡലുറപ്പാക്കിയ പി.വി. സിന്ധു, സൈന നെഹ്വാള്‍ എന്നിവരും ഇന്ന് സെമി പോരാട്ടങ്ങള്‍ക്കിറങ്ങും.
ജക്കാര്‍ത്തയില്‍ ഇന്ത്യയുടെ പതാകയേന്തിയ ജാവലിന്‍ താരം നീരജ് ചോപ്ര, ലോങ്ജംപ് ഫൈനലില്‍ നയന ജയിംസും, നീന പിന്റോയും, 400 മീറ്റര്‍ ഹര്‍ഡില്‍സ് വനിതാ ഫൈനലില്‍ അനു രാഘവന്‍, ജൗന മര്‍മു, 400 മീറ്റര്‍ ഹര്‍ഡില്‍സ് പുരുഷ ഫൈനലില്‍ ധരുണ്‍ അയ്യസാമി, സന്തോഷ് കുമാര്‍, ഹൈജംപില്‍ ചേതന്‍, 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ സുധ സിങ് തുടങ്ങിയവര്‍ക്കൊപ്പം വികാസ് കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബോക്‌സിങ് താരങ്ങളും ഇന്ന് ഇന്ത്യന്‍ പ്രതീക്ഷകളുമായി പോരിനിറങ്ങും.
ബാഡ്മിന്റന്‍ സിംഗിള്‍സില്‍ കടുത്ത പോരാട്ടങ്ങള്‍ക്കൊടുവിലാണ് മെഡലുറപ്പാക്കി ആദ്യം സൈനയും പിന്നാലെ സിന്ധുവും സെമിയില്‍ കടന്നത്. നിലവില്‍ ഏഴു സ്വര്‍ണവും, 10 വെള്ളിയും, 19 വെങ്കലവും ഉള്‍പ്പെടെ 36 മെഡലുകളുമായി ഇന്ത്യ ഒന്‍പതാം സ്ഥാനത്ത് എത്തി.