ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ നിന്ന് ഇന്ത്യക്ക് രണ്ട് വെങ്കല മെഡല്‍ . മലയാളി താരം ദീപിക കാര്‍ത്തിക്കിനും ജോഷ്‌ന ചിന്നപ്പയുമാണ് വെങ്കലം നേടിയത്. സെമിയില്‍ മലേഷ്യയുടെ നിക്കോള്‍ ഡേവിഡിനോടാണ് ദീപിക തോറ്റത്. രണ്ടാം സെമിയില്‍ മറ്റൊരു മലേഷ്യന്‍ താരമായ ശിവശങ്കരി സുബ്രഹ്മണ്യനോട് ജോഷ്‌ന പൊന്നപ്പയും തോറ്റു.
അതേസമയം, ബാഡ്മിന്റണിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി വി സിന്ധുവും സൈനാ നെഹ്‌വാളും ക്വാര്‍ട്ടറിലേക്ക് മുന്നേറി. വനിതാ സിംഗിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ സിന്ധു ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌ക ടുണ്‍ജംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി.
വനിതാ വിഭാഗത്തിലെ മറ്റൊരു പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈനാ നെഹ്‌വാള്‍ ഇന്തോനേഷ്യയുടെ ഫിട്രിയാനിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി. പുരുഷ വിഭാഗം ആര്‍ച്ചറിയില്‍ റീകര്‍വ് ടീം ഇനത്തില്‍ ക്വാര്‍ട്ടറില്‍ ഇന്ത്യ കൊറിയയോട് 51ന് തോറ്റു. ഹൈജംപില്‍ ഇന്ത്യയുടെ ചേതന്‍ സുബ്രഹ്മണ്യന്‍ ഫൈനലിലേക്ക് യോഗ്യത നേടി. 400 മീ ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ മലയാളി താരം മുഹമ്മദ് അനസ് സെമിയിലെത്തിയിട്ടുണ്ട്.