ഏഷ്യൻ ഗെയിംസിന് ചൈനയിലെ ഹാങ്ചോയിൽ തിരിതെളിഞ്ഞു

ഹാങ്ചോ : ഏഷ്യയുടെ കായിക മാമാങ്കത്തിന് ചൈനയുടെ ഡിജിറ്റൽ നഗരമായ ഹാങ്ചോയിൽ ഉജ്വല തുടക്കം. ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30 നാണ് 19–ാം ഏഷ്യൻ ഗെയിംസിന് തിരി തെളിഞ്ഞത്. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ളവർ വെര്‍ച്വലായി ഒരുമിച്ചു ദീപനാളം തെളിയിച്ചു. സാങ്കേതികവിദ്യയും കലയും കോർത്തിണക്കി, രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും വികസനവും ലോകത്തിനു മുൻപിൽ കാഴ്ചവയ്ക്കുന്ന ഉദ്ഘാടനച്ചടങ്ങാണ് ചൈന ഒരുക്കിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങ് മേള ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. തുടർന്ന് ഒഉിംപിക്സ് കൗൺസിൽ ഓഫ് ഏഷ്യയുടെ പതാക ഉയർത്തി. വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും ഉൾപ്പെടെ അരലക്ഷത്തോളം പേർ ഉദ്ഘാടനച്ചടങ്ങിനു സാക്ഷികളായി.

പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും വനിതാ ബോക്സിങ് താരം ലവ്‍ലിന ബോർഗോഹെയ്നുമാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യന്‍ പതാക വഹിച്ചത്.

45 രാജ്യങ്ങളിൽ നിന്നായി 12417 കായിക താരങ്ങളാണ് ഇത്തവണ ഗെയിംസിൽ മത്സരിക്കുന്നത്. ഏഷ്യൻ ഗെയിംസിലെ റെക്കോർഡാണിത്. 56 വേദികളായി 481 മെഡൽ ഇനങ്ങളുണ്ട്. നാലു വർഷത്തിനുശേഷം ഉത്തര കൊറിയ രാജ്യാന്തര മത്സരവേദിയിലേക്കു തിരിച്ചെത്തുന്നുവെന്നതും ഈ ഗെയിംസിന്റെ പ്രത്യേകതയാണ്.

655 കായിക താരങ്ങളുമായി ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ അണിനിരത്തുന്നത്. ജക്കാർത്തയിൽ 8 സ്വർ‌ണമടക്കം 20 മെഡലുകൾ നേടിത്തന്ന അത്‌ലറ്റിക്സിലാണ് ഇത്തവണയും പ്രധാന പ്രതീക്ഷ. 68 താരങ്ങളാണ് അത്‌ലറ്റിക്സ് സംഘത്തിലുള്ളത്. ഗുസ്തി, ഷൂട്ടിങ്, ബോക്സിങ് എന്നിവയാണ് ഇന്ത്യ കൂടുതൽ മെഡൽ പ്രതീക്ഷിക്കുന്ന മറ്റിനങ്ങൾ.

Top