ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ സ്വര്‍ണവും വെങ്കലവും ഇന്ത്യയ്ക്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ വനിതകളുടെ പൊന്നിന്‍ ദിനം. 50 മീറ്റര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വര്‍ണവും വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. ഇന്ത്യന്‍ താരം സിഫ്റ്റ് കൗര്‍ സമ്രയ്ക്കാണ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ആഷി ചൗക്സി വെങ്കല മെഡലും സ്വന്തമാക്കി. ചൈനീസ് താരവുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അവസാന നിമിഷംവരെ രണ്ടാം സ്ഥാനത്ത് നിന്ന ശേഷമാണ് ചൗക്‌സി മൂനാമതായത്.

ഇന്ന് വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലും സിഫ്റ്റ് കൗര്‍ സമ്രയും ആഷി ചൗക്സിയും അംഗങ്ങളായിരുന്നു. ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനം നാല് മെഡല്‍ ഇന്ത്യ ഇതുവരെ സ്വന്തമാക്കി. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പടെ നാല് മെഡലുകളും ഷൂട്ടിങ്ങിലാണ് ലഭിച്ചത്. ആകെ ഇന്ത്യയ്ക്ക് 18 മെഡലുകളായി. അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവുമടക്കം ഇന്ത്യ മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്തേയ്ക്ക് മുന്നേറി.

469.6 പോയിന്റോടെയാണ് സിഫ്റ്റ് കൗര്‍ സമ്ര സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. ആദ്യ റൗണ്ട് മുതല്‍ ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്തായിരുന്നു. 451.9 പോയിന്റോടെയാണ് ആഷി ചൗക്‌സി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ഏഴ് സീരിയസ് ഷൂട്ടിങ്ങ് പിന്നിടുമ്പോഴും ആഷി രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ എട്ടാം സീരിയസില്‍ ഇന്ത്യന്‍ താരം മൂന്നാമത് ആകുകയായിരുന്നു.

 

Top