ന്യൂഡല്‍ഹി: ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കേണ്ട ഇന്ത്യന്‍ ഗുസ്തി ടീമിന്റെ പേര് നല്‍കാനുള്ള അവസാന തീയതി ജൂലൈ 22ലേക്ക് നീട്ടി. ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്റെ അഭ്യര്‍ഥന പ്രകാരമാണ് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രത്യേക തീരുമാനമെടുത്തത്.ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഒളിംപ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ഗുസ്തി താരങ്ങള്‍ തെരുവില്‍ സമരം നടത്തിയതു കാരണമാണ് സിലക്ഷന്‍ യഥാസമയം പൂര്‍ത്തിയാകാതിരുന്നത്.
ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കേണ്ട അത്ലീറ്റുകളുടെ പേരു നല്‍കേണ്ട അവസാന തീയതി 15 ആണ്. ഗുസ്തി ടീമിനു മാത്രം ഓഗസ്റ്റ് 5 വരെ സമയം നീട്ടി നല്‍കണമെന്ന് ഐഒഎ പ്രസിഡന്റ് പി.ടി.ഉഷ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത്രയും സമയം നീട്ടിനല്‍കാന്‍ വിസമ്മതിച്ച ഒസിഎ ‘പ്രത്യേക സാഹചര്യം’ പരിഗണിച്ച് ജൂലൈ 22 വരെ സമയം അനുവദിക്കുകയായിരുന്നു.