തെരഞ്ഞെടുപ്പ് പ്രചരണ ‘അജണ്ട’ മാറി, ഞെട്ടിയത് ഇടത് – വലതു മുന്നണികള്‍

സംസ്ഥാനത്തെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം ശബരിമല ആയതോടെ അടിയൊഴുക്കുകളും ശക്തമാകുന്നു. മൂന്ന് മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വിജയ സാധ്യത ഏഷ്യാനെറ്റ് സര്‍വ്വേയില്‍ പ്രഖ്യാപിച്ചതും തെരഞ്ഞെടുപ്പ് രംഗത്തെ ഗതി മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ എന്നിവിടങ്ങളി ലാണ് കാവിപ്പടയുടെ മുന്നേറ്റം ഏഷ്യാനെറ്റ് പ്രവചിക്കുന്നത്. ഈ സര്‍വ്വേ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

ശബരിമല വിഷയം കത്തിച്ച് നിര്‍ത്തുന്നതില്‍ ബി.ജെ.പിക്ക് സഹായകരമായത് തൃശൂര്‍ ജില്ലാ കളക്ടറുടെ നടപടിയാണ്. സുരേഷ് ഗോപിക്കെതിരെ കളക്ടര്‍ നല്‍കിയ നോട്ടീസ് 20 മണ്ഡലങ്ങളിലും പ്രചരണമാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. മാധ്യമങ്ങളില്‍ കളക്ടറുടെ നിലപാടും എതിര്‍ത്ത് ബിജെപി നിലപാടും വന്നത് രാഷ്ട്രീയ അട്ടിമറിക്ക് തന്നെ കാരണമാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

suresh gopi anupama

ശബരിമല വിഷയം ഏറ്റ് പിടിച്ച് പ്രധാനമന്ത്രി തന്നെ വന്നത് തമിഴകത്തും കര്‍ണ്ണാടകയില്‍ പോലും വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്. ഇതിന് മുഖ്യമന്ത്രി പിണറായി കടുപ്പിച്ച് മറുപടി പറഞ്ഞതോടെ മറ്റ് പ്രചരണ വിഷയങ്ങളെല്ലാം വഴിമാറുന്ന കാഴ്ചയാണ് കേരളത്തില്‍.

രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തോടെ പ്രചരണത്തില്‍ മേല്‍ക്കൈ നേടിയ യു.ഡി.എഫിന്റെ നില പരുങ്ങലിലാക്കുന്നതാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍.

ശബരിമലയെക്കുറിച്ച് മിണ്ടിയാല്‍ ജയിലലടക്കുകയാണ് കേരളത്തിലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി തമിഴ്‌നാട്ടിലും കര്‍ണാടകയിലും തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചത്.

കേരളത്തില്‍ അയ്യപ്പന്റെ പേരുപോലും മിണ്ടാന്‍ വയ്യാത്ത അവസ്ഥയാണെന്നാണ് മോഡി പറഞ്ഞത്. ശബരിമലയുടെ പേരു പറയുന്നവരെ ജയിലിലിടുകയാണ്. ബി.ജെ.പിയുടെ ഒരു സ്ഥാനാര്‍ത്ഥിക്ക് ശബരിമലയുടെ പേരില്‍ സമരം ചെയ്തതിന് ജയിലില്‍ കിടക്കേണ്ടി വന്നു. കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്നിടത്താണ് ഈ ആവസ്ഥയെന്നും മോഡി ആഞ്ഞടിച്ചിരുന്നു. ഇതിനെതിരെയാണ് സിപിഎം ശക്തമായി രംഗത്തു വന്നിരുന്നത്.

ശബരിമലയും വനിതാമതിലും പ്രചരണത്തില്‍ ഉന്നയിക്കേണ്ടെന്ന നിലപാടിലായിരുന്നു ഇതുവരെ സിപിഎം. എന്നാല്‍, പ്രധാനമന്ത്രിതന്നെ ശബരിമലയില്‍ ഇടതുപക്ഷത്തെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയതോടെ ശക്തമായി രംഗത്തു വരാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. മോഡിയുടെ അനുഗ്രഹം വാങ്ങി വന്നവരാണ് ശബരിമലയില്‍ അക്രമം നടത്തിയതെന്നാണ് പിണറായി തിരിച്ചടിച്ചിരുന്നത്.

അത്തരക്കാര്‍ മറ്റു സംസ്ഥാനങ്ങളില്‍ തടങ്കലില്‍ കഴിയാതെ വന്നേക്കാം. പക്ഷേ അത് കേരളത്തില്‍ നടക്കില്ലെന്നാണെന്നാണ് പിണറായി വ്യക്തമാക്കിയിരുന്നത്. ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല സമരത്തിന്റെ പേരില്‍ ജയിലില്‍ കിടന്ന കെ. സുരേന്ദ്രന്‍ പത്തനംതിട്ടയിലും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തും സുരേഷ്‌ഗോപി തൃശൂരിലും ശക്തമായ പോരാട്ടമാണ് നിലവില്‍ നടത്തുന്നത്. ഈ മൂന്നു മണ്ഡലങ്ങളില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം നേരത്തെ തന്നെ വിജയസാധ്യത കണ്ടിരുന്നു.

pinarayi vijayan

അതേസമയം, തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും വിജയം പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസാണ് ശബരിമല പ്രചരണായുധമായതോടെ വെട്ടിലായിരിക്കുന്നത്. മോഡി-പിണറായി വാക്‌പോര് മൂര്‍ഛിക്കുന്നതോടെ ഒപ്പമുള്ള മുസ്‌ലിം ന്യൂനപക്ഷ വോട്ട് ബാങ്ക് ഇടതുപാളയത്തിലേക്ക് ഒഴുകുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് നേതൃത്വം.

തിരുവനന്തപുരത്ത് ശശി തരൂരിന്റെ പരാതിയില്‍ എ.ഐ.സി.സി പ്രത്യേക നിരീക്ഷകന്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് നാന പട്ടോളയെ നിയോഗിച്ചിട്ടുണ്ട്. വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണ ചുമതല വഹിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോട് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്ന കര്‍ശന നിര്‍ദ്ദേശം ഹൈക്കമാന്റ് തന്നെ നല്‍കിയിട്ടുണ്ട്.

ശബരിമല വിഷയം ഉയര്‍ത്തുന്ന മാറ്റങ്ങളും പ്രതിസന്ധിയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും നിരീക്ഷിക്കുന്നുണ്ട്. ആര്‍.എസ്.എസും ശബരിമല കര്‍മസമിതിയും ശബരിമല വിഷയം ഉയര്‍ത്തി വീടുകയറിയുള്ള ശക്തമായ പ്രചരണത്തിനാണ് തുടക്കമിട്ടിട്ടുള്ളത്.

മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്ന പ്രചരണത്തിന് എന്‍.എസ്.എസിന്റെയും പിന്തുണയുണ്ട്. തിരുവിതാകൂറിലും മധ്യകേരളത്തിലും ഇത് എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്നാണ് കാവിപ്പടയുടെ വിലയിരുത്തല്‍.

അതേസമയം, മലബാറില്‍ മോഡിക്കെതിരായ പിണറായിയുടെ വാക്‌പോര് ന്യൂനപക്ഷങ്ങളുടെ വോട്ട് അനുകൂലമാക്കുമെന്ന പ്രതീക്ഷയാണ് ഇടതുപക്ഷത്തിനുള്ളത്. കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ഇടതുപക്ഷം കണക്കുകൂട്ടുന്നു.

Top