‘അമ്മ’യില്‍നിന്ന് ദിലീപിനെ പുറത്താക്കണമെന്ന് ആസിഫ് അലിയും പൃഥ്വിരാജും

കൊച്ചി: ദിലീപിനെതിരെ നടപടി വേണമെന്നും നടിയെ ഇരയെന്ന് വിളിക്കരുതെന്നും ആവശ്യപ്പെട്ട് യുവനടന്‍ ആസിഫ് അലി.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇത്രനാളും മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിക്കാതിരുന്നതു കൊണ്ട് ഈ സംഭവത്തില്‍ തനിക്ക് പ്രതിഷേധം ഇല്ലെന്നല്ല അര്‍ത്ഥമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

അമ്മയില്‍നിന്ന് ദിലീപിനെ പുറത്താക്കണമെന്നും ആസിഫ് പറഞ്ഞു. നടപടിയെടുത്തില്ലെങ്കില്‍ യുവതാരങ്ങള്‍ക്ക് പ്രതികരിക്കേണ്ടിവരുമെന്നും നടന്‍ പ്രതികരിച്ചു.

ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ പ്രതികരണം ഉണ്ടാകാത്ത പക്ഷം തന്റെ നിലപാട് അറിയിക്കുമെന്ന് നടന്‍ പൃഥ്വിരാജും പ്രതികരിച്ചു.

യോഗത്തിനുശേഷം അമ്മയില്‍നിന്ന് പ്രസ്താവന ഉണ്ടാകുമെന്നാണ് കരുതുന്നത്. അതുണ്ടായില്ലെങ്കില്‍ തന്റെ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താരങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Top