റിയാദ് : പത്ത് ഭാഷകളില്‍ യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആസ്‌ക് മി’ എന്‍ക്വയറി കൗണ്ടറുകള്‍ തുറന്ന് റിയാദ്. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ ആണ് യാത്രക്കാര്‍ക്കായി പുതിയ കൗണ്ടറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ലോകോത്തര നിലവാരത്തില്‍ വിമാനത്താവളത്തെ ഏത് രാജ്യത്തുനിന്നുമുള്ള യാത്രക്കാരെ ഊഷ്മളമായി വരവേല്‍ക്കാന്‍ കഴിയും വിധം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘ആസ്‌ക് മി’ ആരംഭിച്ചിരിക്കുന്നത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറുകളില്‍ നിന്ന് യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് 10 ഭാഷകളില്‍ മറുപടി ലഭിക്കും. നിലവില്‍ ആറ് കൗണ്ടറുകളാണ് ഇന്റര്‍നാഷണല്‍ ലോഞ്ചുകളില്‍ സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യത്തിന് അനുസരിച്ച് കൗണ്ടറുകളുടെ എണ്ണം കൂട്ടും. വാരാന്ത്യ അവധിയോ മറ്റ് പൊതു അവധിയോ ഒന്നുമില്ലാതെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
ഏതൊക്കെ ഭാഷകളാണ് ആസ്‌ക് മി യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 80ലേറെ സൗദി യുവതീ യുവാക്കളാണ് ഈ കണ്ടറുകളില്‍ സേവനം അനുഷ്ഠിക്കുന്നത്. വിവിധ ലോകരാജ്യങ്ങളിലെ ഭാഷയും സംസ്‌കാരവും യാത്രക്കാരുടെ ഇഷ്ടാനിഷ്ടങ്ങളും സംബന്ധിച്ച് ഉന്നത പരിശീലനം ലഭിച്ചവരാണ് ജീവനക്കാര്‍.