aslam muder,case againest cpm

കോഴിക്കോട്: നാദാപുരം അസ്ലം വധക്കേസില്‍ പ്രതിയുടെ നിര്‍ണായക മൊഴി. സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞിട്ടാണ് കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയതെന്നാണ് പ്രതിയായ നിതിന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

കൊലയാളികള്‍ക്ക് സഞ്ചരിക്കുന്നതിന് ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കി എന്നതാണ് നിതിനെതിരായ കേസ്.

നിതിനെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലയാളി സംഘത്തിന് വാഹനം എത്തിച്ചു നല്‍കിയതായി ഇയാള്‍ സമ്മതിച്ചത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സിപിഎം പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

കൊലയാളികളെ ഒളിവില്‍ താമസിപ്പിച്ചതിന് സിപിഎം ബക്കളം ബ്രാഞ്ച് സെക്രട്ടറി അനിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.

സംഭവസ്ഥലത്തുനിന്ന് ലഭിച്ച കൈവിരല്‍ അസ്ലമിന്റേത് തന്നെയെന്ന് വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു.

മുന്‍പ് ഈ വിരല്‍ പ്രതികളില്‍ ആരുടെയെങ്കിലും ആകാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ പരിശോധനയില്‍ ഇത് അസ്ലമിന്റേതുതന്നെയെന്ന് വ്യക്തമാകുകയായിരുന്നു.

പ്രതികളെക്കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചു. നാലു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നും രണ്ടു ദിവസത്തിനുള്ളില്‍ പ്രതികള്‍ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കുന്നു.

Top