കൊച്ചി: പെരുമ്പാവൂരിനടുത്ത് മണ്ണൂരിലെ പ്ലൈവുഡ് കമ്പനിയില്‍നിന്നു പൊലീസ് പിടികൂടിയ മൂന്നു ബോഡോ തീവ്രവാദികളെ ഇന്ന് അസാം പൊലീസിനു കൈമാറും. ഇതിനായി മൂന്ന് എസ്‌ഐമാരും കോണ്‍സ്റ്റബിള്‍മാരുമടങ്ങുന്ന അസാം പൊലീസ് സംഘം ഉച്ചയോടെ വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ എത്തിച്ചേരും. പിന്നീട് പ്രതികളെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിസ്റ്റ് വാറണ്ട് വാങ്ങിയശേഷം അസാമിലേക്കു കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.
നിരോധിക്കപ്പെട്ട നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളും അസാം സ്വദേശികളുമായ ദുംകേതു ബ്രഹ്മ ദലാങ്ങ് (35), പ്രിതം ബസുമതാരി (25), മനു ബസുമതാരി (24) എന്നിവരെ യാണ് പിടികൂടിയത്.
ഇരുന്നൂറോളം പൊലീസുകാര്‍ കമ്പനി വളഞ്ഞാണ് മൂന്ന് ബോഡോ തീവ്രവാദികളെ കസ്റ്റഡിയിലെടുത്തത്. ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മണ്ണൂരില്‍ വച്ചാണ് കുന്നത്തുനാട് സിഐ അസം സ്വദേശികളെ അറസ്റ്റ് ചെയ്തത്.
അസമില്‍ നിന്നെത്തിയ ഇവര്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അസം പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അസാമില്‍ കൊലപാതക കേസുകളിലടക്കം പ്രതികളാണ്. ഇവര്‍ കേരളത്തിലെത്തിയിട്ട് 15 ദിവസമായതായാണ് വിവരം. പ്രതികളെ അസം പൊലീസ് എത്തി കൊണ്ടു പോകും.