‘ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചു’:രാഹുലിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് അസം മുഖ്യമന്ത്രി

ഗുവാഹത്തി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. നഗരത്തിന് പുറത്ത് പോലീസ് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പോലീസിനോട് നിര്‍ദേശിച്ചു. അതേസമയം തങ്ങള്‍ നിയമം ലംഘിച്ച് ഒന്നും ചെയ്യില്ല എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

‘ഇത് അസമിന്റെ സംസ്‌കാരമല്ല. ഞങ്ങളുടേത് സമാധാനം നിറഞ്ഞ ഒരു സംസ്ഥാനമാണ്. ഇത്തരം ‘നക്സല്‍ തന്ത്രങ്ങള്‍’ ഞങ്ങളുടെ സംസ്‌കാരത്തിന് അപരിചിതമാണ്. ജനങ്ങളെ പ്രകോപിപ്പിച്ച് ഇളക്കിവിട്ടതിന് നിങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം പോലീസ് മേധാവിയോട് നിര്‍ദേശിച്ചു. തെളിവായി നിങ്ങള്‍ തന്നെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചു.’ -അസം മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.

നേരത്തേ മേഘാലയയിലെ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (യു.എസ്.ടി.എം) വിദ്യാര്‍ഥികളുമായുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യോത്തര പരിപാടിക്കും അവസാന നിമിഷം അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് അനുമതി നിഷേധിച്ചത് എന്ന് യു.എസ്.ടി.എം. അസം പി.സി.സിയെ കത്തിലൂടെ അറിയിച്ചു. അസം-മേഘാലയ അതിര്‍ത്തിയിലാണ് സ്വകാര്യ സര്‍വ്വകലാശാലയായ യു.എസ്.ടി.എം. സ്ഥിതി ചെയ്യുന്നത്.

Top