പൗരത്വ നിയമത്തെ അനുകൂലിക്കും; പുതിയ വിദേശികളെ ആസാമില്‍ കയറ്റില്ലെന്ന് മുഖ്യന്‍

രാജ്യത്ത് പ്രതിഷേധങ്ങള്‍ അഴിച്ചുവിട്ട ദേശീയ പൗരത്വ നിയമത്തെ പിന്തുണച്ച് ആസാം മുഖ്യമന്ത്രി സര്‍ബാനന്ത സൊനാവാള്‍. ആസാമിലെ സ്വദേശികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം പൗരത്വ നിയമത്തിലുണ്ടെന്ന് സൊനാവാള്‍ ചൂണ്ടിക്കാണിച്ചു. ആസാമിലെ തദ്ദേശിയ ജനതയെ പുതിയ നിയമം യാതൊരുവിധത്തിലും ദോഷകരമായി ബാധിക്കില്ലെന്നും ആസാം മുഖ്യമന്ത്രി വ്യക്തമാക്കി.

ആസാം ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രം ഇതിനകം തന്നെ വിവിധ നിയമങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതായി സര്‍ബാനന്ദ് സൊനാവാള്‍ പറഞ്ഞു. ‘ഈ നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള സംശയങ്ങളും ആവശ്യമില്ല. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിരവധി പദ്ധതികളുണ്ട്. മണ്ണിന്റെ മക്കളോട് പറയാനുള്ളത് നിങ്ങള്‍ പൂര്‍ണ്ണ സുരക്ഷിതരാണെന്നാണ്, അവരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഒരു ശക്തിയുമില്ല’, സൊനാവാള്‍ വിശദീകരിച്ചു.

പുതിയ ആളുകള്‍ ഇന്ത്യയിലേക്ക് വരില്ല, അവര്‍ പരിശ്രമിച്ചാലും നമ്മള്‍ അനുവദിക്കില്ല. 2014 ഡിസംബര്‍ 31 പൗരത്വത്തിനുള്ള യോഗ്യതക്കുള്ള മാനദണ്ഡമാക്കിയിട്ടുണ്ട്. നിയമം വ്യക്തമായി വായിച്ചാല്‍ ഒരു ബംഗ്ലാദേശിയോ, മറ്റാരെങ്കിലുമോ ഈ നിയമത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി ഇവിടേക്ക് എത്തില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസാമിലെ ജനങ്ങളാണ് തന്നെ മുഖ്യമന്ത്രിയാക്കിയത്. അവര്‍ക്ക് മുന്നില്‍ ഒളിച്ചുകളിക്കില്ല. ആളുകള്‍ പരിഹസിക്കുമായിരിക്കും. ഇത് ജനാധിപത്യമാണ്, ആളുകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, എനിക്കുമുണ്ട്, മുഖ്യമന്ത്രി സൊനാവാള്‍ ഓര്‍മ്മിപ്പിച്ചു.

Top