അസമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 87 കടന്നു

ഗുവാഹട്ടി: പ്രളയക്കെടുതിയെ തുടര്‍ന്ന് അസമില്‍ മരണം 87 കടന്നു. നിര്‍ത്താതെ പെയ്യുന്ന മഴയേത്തുടര്‍ന്ന് ബ്രഹ്മപുത്രയും അതിന്റെ പോഷകനദിയായ കൃഷ്ണയും കരകവിഞ്ഞ് ഒഴുകികൊണ്ടിരിക്കുകയാണ്.

നിലവില്‍ സംസ്ഥാനത്തെ 30 ജില്ലകളിലായി 55 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. സംസ്ഥാനത്തെ 2,409 ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങിയെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

1,09,358,.67 ഹെക്ടര്‍ കൃഷിഭൂമി പ്രളയത്തില്‍ മുങ്ങി വിളകള്‍ നശിച്ചു. നിലവില്‍ 44,553 പേരെയാണ് രക്ഷാ സംഘങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. 18 ജില്ലകളിലായി 397 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ തുറന്നിരിക്കുന്നത്.

മഴ തുടരുന്ന പശ്ചാത്തലത്തില്‍ ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് 30 സെന്റീമീറ്റര്‍ കൂടി ഉയരുമെന്നാണ് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Top